ഇ പി ജയരാജന്റെ അനധികൃത സ്വത്ത് സമ്പാദനം; കേവലം ഉൾപാർട്ടി പ്രശ്‌നമായി കാണാനാവില്ലെന്ന് കെ മുരളീധരൻ

കോഴിക്കോട്: എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന ആരോപണത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കണ്ണൂരിലെ റിസോർട്ടിന്റെ മറവിൽ ഇ പി ജയരാജൻ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന ആരോപണം കേവലം ഉൾപാർട്ടി പ്രശ്‌നമായി കാണാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ജയരാജനെതിരെ ഉയർന്ന ആരോപണങ്ങൾ അദ്ദേഹം മന്ത്രിയായിരുന്നപ്പോൾ നടന്ന കാര്യങ്ങളെക്കുറിച്ചാണെന്നും കെ മുരളീധരൻ വ്യക്തമാക്കി.

മന്ത്രിസ്ഥാനം ഇപി ജയരാജൻ റിസോർട്ടിനായി ദുരുപയോഗം ചെയ്തു. ഈ ആരോപണങ്ങൾ ഇതേവരെ ഇപി നിഷേധിച്ചിട്ടില്ല. ഇത്രയും ഗുരുതരമായ വിഷയം പാർട്ടിയല്ല പരിശോധിക്കേണ്ടതെന്നും ജുഡീഷ്യൽ അന്വേഷണമാണ് വേണ്ടതെന്നും മുരളീധരൻ പറഞ്ഞു. ഭരണതുടർച്ച അണികളെ വഷളാക്കിയെന്ന കാര്യം മാർകിസ്റ്റ് പാർട്ടി സമ്മതിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പി ജയരാജന് എതിരായ കള്ളക്കടത്ത് ആരോപണം അദ്ദേഹത്തിന്റെ പാർട്ടി അന്വേഷിക്കണം. ഇപിയുടെ കാര്യത്തിൽ നടന്നത് അധികാര ദുർവിനിയോഗമാണ്. അതിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം. ബഫർ സോൺ വിഷയത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. സംസ്ഥാനത്തിന് തെറ്റു പറ്റിയെന്നും. അത് അംഗീകരിക്കണമെന്നുമാണ് കെ മുരളീധരൻ വ്യക്തമാക്കിയത്.