തിരുവനന്തപുരം: സർക്കാർ ആശുപത്രികളെ കുറിച്ച് നിരന്തരം തെറ്റായ വാർത്ത കൊടുക്കുക എന്നത് ചിലരുടെ ശീലമായി കഴിഞ്ഞുവെന്ന വിമർശനവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കാത്ത് ലാബിലേക്കും കാർഡിയോളജിയിലേക്കും ലിഫ്റ്റില്ലായെന്ന വാർത്ത പുറത്തു വന്നതിന് പിന്നാലെയാണ് വീണാ ജോർജ് ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.
ഒരു ലിഫ്റ്റും അവിടെ പ്രവർത്തിക്കുന്നില്ലെന്നായിരുന്നു ഒരു പ്രമുഖ ചാനൽ കൊടുത്തിരിക്കുന്ന വാർത്ത. എന്താണ് യാഥാർത്ഥ്യമെന്ന് മന്ത്രി വിശദീകരിച്ചു. അത്യാഹിത വിഭാഗത്തിൽ നിന്ന് ഇന്ന് അൽപം മുമ്പ് എമർജൻസി മെഡിസിൻ വിഭാഗം മേധാവി അയച്ചു തന്ന വീഡിയോയും മന്ത്രി പങ്കുവെച്ചു.
4 ലിഫ്റ്റുകൾ അത്യാഹിത വിഭാഗത്തിൽ പ്രവർത്തിക്കുന്നുണ്ട്. മാത്രമല്ല മെഡിക്കൽ കോളേജ് ആശുപത്രിയിൽ പല ബ്ലോക്കുകളായി 20 ഓളം ലിഫ്റ്റുകളുണ്ട്. നെഞ്ചുവേദനയുമായെത്തുന്ന രോഗികൾക്ക് ഒട്ടും വൈകാതെ കാത്ത് ലാബ് പ്രൊസീജിയറിന് കൊണ്ട് പോകുന്നതിനും കാർഡിയോളജിസ്റ്റുകളുടെ സേവനം ഉറപ്പാക്കുന്നതിനുമാണ് ചെസ്റ്റ് പെയിൻ ക്ലിനിക്ക് 6 മാസം മുമ്പ് അത്യാഹിത വിഭാഗത്തിൽ തന്നെ പ്രവർത്തനം ആരംഭിച്ചത്. അവിടെ നിന്ന് നേരിട്ട് കാത്ത് ലാബിലേക്കും ഐസിയുവിലേക്കും കൊണ്ട് പോകുന്നതിനാണ് ലിഫ്റ്റ് പ്രവർത്തിക്കുന്നത്. നിലവിൽ ഈ ലിഫ്റ്റ് കേടല്ല. അഥവാ ലിഫ്റ്റ് കേടായാൽ മറ്റൊരു ലിഫ്റ്റ് കൂടി ആ നിലയിലേക്കുണ്ട്. 4 ലിഫ്റ്റുകളാണ് അത്യാഹിത വിഭാഗത്തോടനുബന്ധിച്ചുള്ളതെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
നിരന്തരം സർക്കാർ ആശുപത്രികളെ കുറിച്ച് തെറ്റായ വാർത്ത കൊടുക്കുക എന്നത് ചിലരുടെ ശീലമായി കഴിഞ്ഞു. ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിനെ കുറിച്ചാണ് വാർത്ത. അത്യാഹിത വിഭാഗത്തിൽ നിന്ന് കാത്ത് ലാബിലേക്കും കാർഡിയോളജിയിലേക്കും ലിഫ്റ്റില്ലായെന്നും ഒരു ലിഫ്റ്റും അവിടെ പ്രവർത്തിക്കുന്നില്ല എന്നുമാണ് ഒരു പ്രമുഖ ചാനൽ കൊടുത്തിരിക്കുന്ന വാർത്ത. എന്താണ് യാഥാർത്ഥ്യം?
ഇന്ന് അൽപം മുമ്പ് എമർജൻസി മെഡിസിൻ വിഭാഗം മേധാവി അയച്ചു തന്ന വീഡിയോയാണിത്. ഇത് പരിശോധിക്കാം.
അത്യാഹിത വിഭാഗത്തിൽ 4 ലിഫ്റ്റുകൾ പ്രവർത്തിക്കുന്നുണ്ട്. മാത്രമല്ല മെഡിക്കൽ കോളേജ് ആശുപത്രിയിൽ പല ബ്ലോക്കുകളായി 20 ഓളം ലിഫ്റ്റുകളുണ്ട്.
നെഞ്ചുവേദനയുമായെത്തുന്ന രോഗികൾക്ക് ഒട്ടും വൈകാതെ കാത്ത് ലാബ് പ്രൊസീജിയറിന് കൊണ്ട് പോകുന്നതിനും കാർഡിയോളജിസ്റ്റുകളുടെ സേവനം ഉറപ്പാക്കുന്നതിനുമാണ് ചെസ്റ്റ് പെയിൻ ക്ലിനിക്ക് 6 മാസം മുമ്പ് അത്യാഹിത വിഭാഗത്തിൽ തന്നെ പ്രവർത്തനം ആരംഭിച്ചത്. അവിടെ നിന്ന് നേരിട്ട് കാത്ത് ലാബിലേക്കും ഐസിയുവിലേക്കും കൊണ്ട് പോകുന്നതിനാണ് ലിഫ്റ്റ് പ്രവർത്തിക്കുന്നത്. നിലവിൽ ഈ ലിഫ്റ്റ് കേടല്ല. അഥവാ ലിഫ്റ്റ് കേടായാൽ മറ്റൊരു ലിഫ്റ്റ് കൂടി ആ നിലയിലേക്കുണ്ട്. 4 ലിഫ്റ്റുകളാണ് അത്യാഹിത വിഭാഗത്തോടനുബന്ധിച്ചുള്ളത്.

