ന്യൂഡല്‍ഹി: ക്രിസ്മസ് ആശംസകള്‍ നേരുന്നതും ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതും ഇസ്ലാമിക വിരുദ്ധമെന്ന പ്രഭാഷകന്‍ സക്കീര്‍ നായിക്കിന്റെ വാക്കുകള്‍ ഏറെ വിവാദമായിരുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സാക്കിര്‍ നായിക്കിന്റെ വിവാദ പ്രസ്താവന. എന്നാല്‍, വലിയതോതില്‍ ക്രിസ്മസ് ആശംസകള്‍ പോസ്റ്റിന് അടിയിലായി വന്നതോടെ ഈ പോസ്റ്റ് സക്കീര്‍ നായിക് ഫേസ്ബുക്കില്‍ നിന്നും കഴിഞ്ഞ ദിവസം രാത്രി പിന്‍വലിച്ചു.
‘അമുസ്ലിങ്ങളുടെ ആഘോഷങ്ങള്‍ ഏതെങ്കിലും വിധത്തില്‍ അനുകരിക്കുന്നത് ഇസ്ലാമില്‍ അനുവദനീയമല്ല. ആഹാരം, വസ്ത്രം, തിരിതെളിക്കല് എന്നിവയും സാധാരണയായുള്ള ആരാധനാക്രമത്തില്‍ മാറ്റം വരുത്തുന്നതൊന്നും അനുവദനീയമല്ല. ആഘോഷങ്ങളുടെ ഭാഗമായി വിരുന്ന് നല്കുന്നതോ സമ്മാനങ്ങള്‍ കൊടുക്കുന്നതോ വാങ്ങുന്നതോ അനുവദനീയമല്ല’- എന്നായിരുന്നു സക്കീര്‍ നായിക് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞത്.
അതേസമയം, സാക്കിര്‍ നായിക്കിന്റെ പോസ്റ്റ് ഷെയര്‍ ചെയ്ത് ക്രിസ്മസ് ആശംസകള്‍ നേര്‍ന്നും കമന്റുകളായി ക്രിസമസ് ആശംസകളര്‍പ്പിച്ചും സമൂഹമാധ്യമങ്ങളില്‍ പ്രതികരണമുയര്‍ന്നു. മറ്റ് മതവിഭാഗങ്ങളുടെ ആഘോഷങ്ങളില്‍ ആശംസകള്‍ നേരുന്നത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നാണ് കമന്റുകള്‍. ഇതിന് പിന്നാലെയാണ് പോസ്റ്റ് അപ്രത്യക്ഷമാവുകയായിരുന്നു.

