അബുദാബി: ഗാര്‍ഹിക പീഡനം വാട്സ്ആപ്പ് വഴിയും ഇനി ദുബായില്‍ റിപ്പോര്‍ട്ട് ചെയ്യാം. ദുബായ് ഫൗണ്ടേഷന് ഫോര്‍ വുമണ്‍ ആന്‍ഡ് ചില്‍ഡ്രനാണ് പരാതികള്‍ അറിയിക്കാനും സഹായം തേടാനും വാട്സ്ആപ്പ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഗാര്‍ഹിക പീഡനം, മനുഷ്യക്കടത്ത്, ഭീഷണി തുടങ്ങിയ അതിക്രമങ്ങള്‍ വാട്സ്ആപ്പ് വഴി അറിയിക്കാം. ഇരകള്‍ക്ക് മാനസികവും സാമൂഹികവും നിയമപരവുമായ സഹായങ്ങള്‍ക്ക് അപേക്ഷിക്കാനും സംവിധാനം ഉപയോഗിക്കാമെന്ന് അധികൃതര്‍ അറിയിച്ചു. ഫൗണ്ടേഷന്റെ സേവനങ്ങള്‍ സുഗമമാക്കാനും വേഗത്തിലാക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഹോട്ട്ലൈന്‍ നമ്ബറിലെ വാട്ട്സ്ആപ്പ് വഴിയാണ് ഫൗണ്ടേഷനിലേക്ക് സന്ദേശമയക്കേണ്ടത്.
ഫൗണ്ടേഷന്റെ സേവനങ്ങള്‍ കൂടുതല്‍ പേരിലേക്കെത്തിക്കാനും ആശയവിനിമയം എളുപ്പമാക്കും സ്മാര്‍ട്ട് ചാനലുകള്‍ സജീവമാക്കാനും ലക്ഷ്യമിട്ടാണ് പുതിയ സേവനം ഒരുക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. വെബ്സൈറ്റ് വഴിയും സാമൂഹിക മാദ്ധ്യമങ്ങള്‍ വഴിയും നിലവില്‍ ഫൗണ്ടേഷന് സേവനങ്ങള്‍ നല്കി വരുന്നുണ്ട്.

