കൊച്ചി: പുതുവർഷത്തെ ഗംഭീരമായി വരവേൽക്കാൻ തയ്യാറെടുത്ത് കൊച്ചി. പുതുവത്സരാഘോഷത്തിനായി ഇത്തവണ ഭീമൻ പാപ്പാഞ്ഞിയാണ് കൊച്ചിയിൽ ഒരുങ്ങുന്നത്. അറുപത് അടി നീളത്തിലാണ് പാപ്പാഞ്ഞി നിർമ്മിക്കുന്നത്.
ചരിത്രത്തിലാദ്യമായാണ് ഇത്രത്തോളം വലുപ്പമുള്ളത് നിർമ്മിക്കുന്നത്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കൊച്ചിയിൽ വീണ്ടും പാപ്പാഞ്ഞി ഒരുങ്ങുന്നത്. ആറ് ലക്ഷത്തിലേറെ രൂപയാണ് പാപ്പാഞ്ഞിയുടെ നിർമ്മാണചെലവ്.
കോവിഡ് വൈറസിനെ കീഴടക്കിയ പാപ്പാഞ്ഞിയെ ഒരുക്കി പ്രതീക്ഷയുടെ പുതുവർഷം സമ്മാനിക്കാനാണ് ഇത്തവണ സംഘാടകർ ലക്ഷ്യമിടുന്നത്. ഒരു വർഷത്തെ ദുഖം മുഴുവൻ പാപ്പാഞ്ഞിക്കൊപ്പം കത്തിച്ചു കളഞ്ഞാണ് കൊച്ചിക്കാരുടെ പുതുവർഷാഘോഷം.
പരിസ്ഥിതി സൗഹൃദ പാപ്പാഞ്ഞി തന്നെയാണ് ഇത്തവണയും ഒരുക്കിയിട്ടുള്ളത്. പുതുവത്സരാഘോഷത്തിനായി ആയിരക്കണക്കിന് ആളുകളാണ് ഫോർട്ട് കൊച്ചിയിലെത്തുന്നത്. ഇരുപത് ദിവസത്തിലേറെ നീളുന്ന കൊച്ചി കാർണിവലിന്റെ സമാപനമായാണ് പാപ്പാഞ്ഞിയെ കത്തിക്കുന്നത്.

