തിരുവനന്തപുരം: സംസ്ഥാനത്തെ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളുകളിൽ ഇനി മുതൽ ശനിയാഴ്ച അവധി. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.
അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഏറെനാളത്തെ ആവശ്യമായിരുന്നു വി.എച്ച്.എസ്.ഇ. പ്രവർത്തി ദിവസം ആഴ്ചയിൽ 5 ആക്കുക എന്നത്. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി.
ദേശീയ നൈപുണ്യ യോഗ്യത ചട്ടക്കൂട് (NSQF) നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട് വൊക്കേഷണൽ ഹയർ സെക്കന്ററി കോഴ്സിന്റെ ആകെ പഠന സമയത്തിൽ വന്നിട്ടുള്ള കുറവ് പരിഗണിച്ച് പീരിയഡുകളുടെ ദൈർഘ്യം ഒരു മണിക്കൂറായി തന്നെ നിലനിർത്തി സംസ്ഥാനത്തെ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകളിലെ പ്രവൃത്തി ദിവസങ്ങൾ ശനിയാഴ്ച ഒഴിവാക്കി ആഴ്ചയിൽ അഞ്ചു ദിവസമാക്കി പുന:ക്രമീകരിച്ചതായി മന്ത്രി വിശദീകരിച്ചു.

