മുംബൈ: ജയില്‍ മോചിതനായതിന് ശേഷം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിലും എഴുത്തിലും വ്യവസായത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും തന്റെ ജീവിതം മകള്‍ക്ക് വേണ്ടി ചെലവഴിക്കുമെന്നും ചാള്‍സ് ശോഭ് രാജ് വ്യക്തമാക്കി. ചാള്‍സിനെ നേപ്പാള്‍ ജയില്‍ മോചിതനാക്കി ഫ്രാന്‍സിലേക്ക് നാടുകടത്തിയത് കഴിഞ്ഞ ദിവസമാണ്.
ജയില്‍മോചനം ഉറപ്പായ 2016ല്‍ ചാള്‍സ് തന്റെ ഭാവി പദ്ധതികള്‍ എന്തെല്ലാമായിരിക്കുമെന്ന് ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ ഇമെയില്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, തന്നെ വിട്ടയച്ചതിന് ശേഷം മാത്രമെ പ്രസിദ്ധീകരിക്കാവൂ എന്ന് നിബന്ധനയുമുണ്ടായിരുന്നു. ഇതാണ് ജയില്‍ മോചനത്തിന് പിന്നാലെ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അഭിമുഖത്തിന്റെ ഉള്ളടക്കം ഇങ്ങനെ:
‘ജയില്‍ മോചനത്തിന് ശേഷം ഫ്രാന്‍സിലുള്ള എന്റെ കുടുംബത്തിനടുത്തേക്കാണ് പോവുക. ജീന്‍ ചാഴ്സ് ഡെനിവുമായി ചേര്‍ന്നെഴുതിയ പുസ്തകം പ്രസിദ്ധീകരിക്കണം. പ്രചരണ പരിപാടികളിലും ഡോക്യുമെന്ററി നിര്‍മാണങ്ങളിലും വ്യാപൃതനാകണം. മറ്റൊരു എഴുത്ത് തുടങ്ങിയിട്ടുണ്ട്. അത് പൂര്‍ത്തിയാക്കണം. പാരീസില്‍ ഒരു മകളുണ്ട്. പുണെയിലുള്ള മൂന്ന് സഹോദരിമാരെപോലെ കാണുന്ന സുഹൃത്തുക്കളെ കാണാന്‍ ആഗ്രഹിക്കുന്നു. തുടര്‍ന്നുള്ള ജീവിതത്തിന് എനിക്ക് സാമ്പത്തിക പ്രതിസന്ധിയൊന്നും ഇല്ല. എന്റെ ശാരീരികാരോഗ്യവും മനസികാരോഗ്യവും നല്ലരീതിയില്‍ തന്നെയാണ്. 1999 ല്‍ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ മോചനത്തിന് വഴിവെച്ച വിമാന റാഞ്ചലിലെ ബന്ദികളെ മോചിപ്പിക്കുന്നതില്‍ അന്നത്തെ വിദേശകാര്യ മന്ത്രി ജസ്വന്തി സിങ് ഞാനുമായി ബന്ധപ്പെട്ടിരുന്നു. അന്ന് എന്റെ ഇടപെടലിലൂടെ ബന്ദികളെ സുരക്ഷിതരാക്കാനും ചര്‍ച്ച നടത്താന്‍ സര്‍ക്കാരിന് കൂടുതല്‍ സമയം ലഭിക്കുന്നതിനും സാധിച്ചു.’

