ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം തടയാനുള്ള നടപടികള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഇന്നുമുതല്‍ വിമാനത്താവളങ്ങളില്‍ കൊവിഡ് പരിശോധന ആരംഭിക്കും. രണ്ട് ശതമാനം അന്താരാഷ്ട്ര യാത്രക്കാരുടെ റാന്‍ഡം സാമ്ബിളുകള്‍ എടുക്കും.
അതേസമയം, റാന്‍ഡമായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ പരിശോധനയ്ക്ക് പണം നല്‍കേണ്ട. വിമാനത്താവളങ്ങളില്‍ തെര്‍മല്‍ സ്കാനിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. വിദേശത്തു നിന്ന് എത്തുന്നവര്‍ക്ക് കൊവിഡ് സര്‍ട്ടിഫിക്കറ്റ് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു.
കൊവിഡ് വ്യാപനം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് മാര്ഗനിര്ദ്ദേശമിറക്കിയിരുന്നു. ശ്വാസകോശ സംബന്ധമായ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരെ ജില്ലാതലത്തില്‍ നിരീക്ഷിക്കണം. ആവശ്യമായ പരിശോധനാ സംവിധാനങ്ങള്‍ ജില്ലാതലത്തില്‍ ഒരുക്കണം. ആശുപത്രികളില്‍ നിലവിലുള്ള ആരോഗ്യ സംവിധാനങ്ങളുടെ ശേഷി പരിശോധിക്കണം. ആള്‍ക്കൂട്ടം ഒഴിവാക്കാനും ഒത്തുചേരലുകളില്‍ വായുസഞ്ചാരം ഉറപ്പുവരുത്തണം. വാക്സിന് വിതരണം ഊര്‍ജിതമാക്കാനും കൊവിഡ് മാര്‍ഗരേഖ പിന്തുടരാനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

