കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് സമരം; വിഷയങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകാൻ ഉന്നതതല കമ്മീഷനെ നിയോഗിച്ചു

കോട്ടയം: കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സിലെ പ്രതിഷേധങ്ങൾ ഗൗരവപൂർണ്ണമായ നിലയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ ഇൻസ്റ്റിറ്റ്യൂട്ടിലെ വിഷയങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകാൻ ഉന്നതതല കമ്മീഷനെ നിയോഗിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരമാണ് രണ്ടംഗ ഉന്നതതല കമ്മീഷനെ നിയമിച്ചിരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വ്യക്തമാക്കി.

തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലറും മുൻ ചീഫ് സെക്രട്ടറിയും ഐ എം ജി ഡയറക്ടറുമായ ശ്രീ. കെ ജയകുമാർ ഐഎഎസ് (റിട്ട.), ന്യൂവാൽസ് മുൻ വൈസ് ചാൻസലറും മുൻ നിയമസഭാ സെക്രട്ടറിയുമായ ഡോ. എൻ കെ ജയകുമാർ എന്നിവരാണ് കമ്മീഷൻ. അന്വേഷണ റിപ്പോർട്ട് രണ്ടാഴ്ചക്കകം നൽകണമെന്ന് കമ്മീഷന് നിർദ്ദേശം നൽകി. പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തിൽ രണ്ടാഴ്ചത്തേക്ക് ഇൻസ്റ്റിറ്റ്യൂട്ട് അടച്ചിടാൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

ജനുവരി എട്ടുവരെയാണ് ഇൻസ്റ്റിറ്റ്യൂട്ട് അടച്ചിടുന്നത്. വിദ്യാർത്ഥികളുടെ നിരാഹാരസമരത്തിൽ അനിഷ്ട്ട സംഭവങ്ങൾക്ക് സാധ്യതയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹനെതിരേ ജാതി വിവേചനവും കെടുകാര്യസ്ഥതയും ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ചാണ് വിദ്യാർത്ഥികൾ പ്രതിഷേധം ആരംഭിച്ചത്. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ, താത്കാലിക തൊഴിലാളികളെ കൊണ്ട് അദ്ദേഹത്തിന്റെ വീട്ടു ജോലി നിർബന്ധിച്ച് ചെയ്യിച്ചു എന്ന വെളിപ്പെടുത്തൽ പുറത്തു വന്നതിന് പിന്നാലെ വിദ്യാർത്ഥികൾ സമരം ആരംഭിച്ചിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിലെ ജോലിക്കാരെ ഉപയോഗിച്ച് വീട്ട് ജോലി ചെയ്യിച്ച ഡയറക്ടർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ പ്രതിഷേധം നടത്തിയത്. ഇൻസ്റ്റിറ്റ്യൂട്ടിലെ ജോലിക്ക് ശേഷം വീട്ട് ജോലിക്കെത്തിയില്ലെങ്കിൽ പിരിച്ചുവിടുമെന്ന് സ്വീപ്പർമാരെ ഭീഷണിപ്പെടുത്തിയതായി പരാതി ഉയർന്നിരുന്നു. അതേസമയം, കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ ജാതവിവേചനത്തിനെതിരെ വിദ്യാർത്ഥികൾ നടത്തുന്ന സമരം കേരള രാജ്യാന്തര ചലച്ചിത്ര മേളയിലേക്കും വ്യാപിച്ചിരുന്നു. ചലച്ചിത്രമേളയുടെ പ്രധാനവേദിയായ ടാഗോറിലാണ് വിദ്യാർത്ഥികൾ പ്രതിഷേധം നടത്തിയത്.