ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര ഡല്‍ഹിയില്‍ പര്യടനം തുടങ്ങി. ഹരിയാന അതിര്‍ത്തിയായ ബദര്‍പുരില്‍ നിന്ന് രാവിലെ 6 മണിക്കാണ് യാത്ര തുടങ്ങിയത്. എന്നാല്‍, മാസ്‌ക് ഇടാനുള്ള കേന്ദ്ര നിര്‍ദ്ദേശം പാലിക്കാതെയാണ് രാഹുല്‍ ഗാന്ധി അടക്കമുള്ളവരുടെ യാത്ര. നടന്‍ കമല്‍ ഹാസനടക്കമുള്ളവര്‍ ഇന്ന് ഉച്ചക്ക് രണ്ടരയോടെ യാത്രയില്‍ അണിനിരക്കും. പുരാന ഖില, ഇന്ത്യ ഗേറ്റ് എന്നിവിടങ്ങളിലൂടെ യാത്ര വൈകുന്നേരം ചെങ്കോട്ടക്ക് സമീപം സമാപിക്കും.
അതേസമയം, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഭാരത് ജോഡോ യാത്ര തുടരണമെന്ന് കേന്ദ്രം ആവര്‍ത്തിച്ചിട്ടും പിന്നോട്ടില്ലെന്ന് പ്രഖ്യാപിക്കുകയാണ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയടക്കം പരിപാടികളില്‍ പങ്കെടുക്കുന്നില്ലേ, എന്ത് കൊണ്ട് ജോഡോ യാത്ര സര്‍ക്കാര്‍ തടയാന്‍ ശ്രമിക്കുന്നുവെന്നാണ് രാഹുല്‍ ഗാന്ധിയുടെ ചോദ്യം.
പൊതുവായ കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിക്കുമെന്നും യാത്രക്ക് മാത്രമായി മാനദണ്ഡങ്ങള്‍ കടുപ്പിച്ചാല്‍ അംഗീകരിക്കില്ലെന്നുമുള്ള സൂചന കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ തന്നെ നല്‍കിയിരുന്നു. അതിനിടെ, ചില രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കാന്‍ കേന്ദ്രം ആലോചിക്കുന്നതായാണ് സൂചന.

