81.35 കോടി ജനങ്ങൾക്ക് സൗജന്യ ഭക്ഷ്യധാന്യവുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: 81.35 കോടി ജനങ്ങൾക്ക് സൗജന്യ ഭക്ഷ്യധാന്യവുമായി വീണ്ടും നരേന്ദ്രമോദി സർക്കാർ. ഭക്ഷ്യ സുരക്ഷ പരിധിയിൽ വരുന്ന എല്ലാവർക്കും ഈ സൗജന്യ ഭക്ഷ്യധാന്യം ലഭിക്കും. നിലവിൽ ഒരു കിലോയ്ക്ക് 2 രൂപ ഈടാക്കുന്നത് ഒഴിവാക്കി. പ്രതിവർഷം 2 ലക്ഷം കോടി രൂപ സൗജന്യ ഭക്ഷ്യധാന്യപദ്ധതിക്ക് വേണ്ടി ചെലവഴിക്കും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രി സഭായോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി വഴിയുള്ള പെൻഷൻ നിരക്ക് ഉയർത്താനും മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു. കൊപ്രയുടെ താങ്ങുവിലയും കേന്ദ്ര സർക്കാർ ഉയർത്തി. നാളികേര കർഷകർക്ക് മെച്ചപ്പെട്ട ആദായകരമായ വരുമാനം ഉറപ്പാക്കുന്നതിനും അവരുടെ ക്ഷേമം ഗണ്യമായി മെച്ചപ്പെടുത്തുന്നതിനുമുള്ള സുപ്രധാനവും പുരോഗമനപരവുമായ നടപടികളിലൊന്നാണിത്.

നാഷണൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡും (നാഫെഡ്) നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷനും (എൻ.സി.സി.എഫ്) തന്നെയായിരിക്കും താങ്ങുവില പദ്ധതി പ്രകാരമുള്ള (പി.എസ്.എസ്.) കൊപ്രയുടെയൂം തൊണ്ട് കളഞ്ഞ തേങ്ങയുടെയും സംഭരണത്തിനുള്ള കേന്ദ്ര നോഡൽ ഏജൻസികളായി തുടർന്നും പ്രവർത്തിക്കുക.

ന്യായമായ ശരാശരി ഗുണനിലവാരത്തിനുള്ള മില്ലിംഗ് കൊപ്രയ്ക്ക് ഒരു ക്വിന്റലിന് 10,860 രൂപയായും ഉണ്ട കൊപ്രയ്ക്ക് ക്വിന്റലിന് 11750രൂപയായും 2023 സീസണിൽ എം.എസ്.പി നിജപ്പെടുത്തി. മുൻവർഷത്തേതിൽ നിന്ന് മില്ലിംഗ് കൊപ്രയ്ക്ക് ക്വിന്റലിന് 270 രൂപയുടെയും ഉണ്ട കൊപ്രയ്ക്ക് ക്വിന്റലിന് 750/രൂപയുടെയും വർദ്ധനയാണ് ഇതിലൂടെ വരുത്തിയിരിക്കുന്നത്.