ജനങ്ങൾ മാസ്‌ക് കൃത്യമായി ധരിക്കണം; നിർദ്ദേശം നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്. ജനങ്ങൾ മാസ്‌ക് കൃത്യമായി ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്‌ അഭ്യർത്ഥിച്ചു. പുതിയ വകഭേദങ്ങൾ കണ്ടെത്താൻ ജനിതക ശ്രേണീകരണം നടത്തുമെന്നും മന്ത്രി അറിയിച്ചു.

എല്ലാ ജില്ലകളിലും നിരീക്ഷണം ശക്തമാക്കണമെന്ന് ആരോഗ്യമന്ത്രി നിർദ്ദേശിച്ചു. മുൻകരുതൽ എടുക്കാത്തവർ വാക്സിൻ സ്വീകരിക്കണം. സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവരെ കൃത്യമായി നിരീക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കും. ഇത്തരത്തിലുള്ളവർക്ക് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടായാൽ ചികിത്സതേടണം. പരിശോധന കർശനമാക്കുമെന്നും മന്ത്രി അറിയിച്ചു.

ഇനിയും ഒരു അടച്ചിടലിലേക്ക് പോകാൻ കഴിയില്ലെന്ന വിലയിരുത്തലാണ് സർക്കാരിനുള്ളത്. ഇത് ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. എന്നാൽ, കർശനമായ നിയന്ത്രണങ്ങളിലേക്ക് പോകില്ല. ക്രിസ്മസും പുതുവത്സരവും അടുത്തു വരുന്ന സാഹചര്യത്തിൽ ആഘോഷങ്ങൾ നിയന്ത്രിക്കുന്നതടക്കമുള്ള നടപടികളിലേക്ക് പോകാൻ നിലവിൽ തീരുമാനമില്ല. ആഘോഷദിവസങ്ങൾ അടുത്തുവരുന്ന സാഹചര്യത്തിൽ ആളുകൾ വ്യക്തിപരമായ ജാഗ്രത പുലർത്തണം. പുതിയ വകഭേദം കണ്ടെത്താൻ ജനിതകശ്രേണീകരണം നടത്താനുള്ള നിർദ്ദേശം നൽകിയിട്ടുണ്ടെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.