മുസ്ലിം ലീഗാണ് യുഡിഎഫിന്റെ കരുത്ത്; എം വി ഗോവിന്ദന്റെ പരാമർശത്തിന് മറ്റ് വ്യാഖ്യാനങ്ങൾ നൽകേണ്ടതില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുസ്ലിം ലീഗാണ് യുഡിഎഫിന്റെ കരുത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററുടെ പരാമർശത്തിന് മറ്റ് വ്യാഖ്യാനങ്ങൾ നൽകേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫിന്റെ കരുത്തായി ലീഗ് നിൽക്കുമ്പോൾ അവർ എടുക്കുന്ന നിലപാടുകൾ കേരള രാഷ്ട്രീയത്തിൽ ചലനങ്ങളുണ്ടാക്കിയെങ്കിൽ അതിൽ പരാമർശങ്ങളുണ്ടാകും. അതു ശരിയായ നിലപാടാണെന്ന് ആണ് ഗോവിന്ദൻ പറഞ്ഞത്. ആ പരാമർശത്തിന് മറ്റ് വ്യാഖ്യാനങ്ങൾ നൽകേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. എം.വി. ഗോവിന്ദന്റെ പരാമർശത്തെ കുറിച്ചുളള മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

യുഡിഫിന് ലീഗ് എൽഡിഎഫിലേക്ക് വരുമോയെന്ന് ഭയമാണ്. മതനിരപേക്ഷതയ്ക്ക് കരുത്ത് പകരുന്ന നിലപാട് വരുമ്പോൾ അതിനെ പ്രോത്സാഹിപ്പിക്കുക എന്നത് ഇന്നത്തെ കാലത്ത് വളരെ പ്രധാനമാണ്. ഇന്ന് കേരളത്തിൽ നിലനിൽക്കുന്ന സാഹചര്യത്തിൽ ലീഗ് ചില നിലപാടുകളെടുത്തു. ആ നിലപാടുകൾ സ്വാഗതാർഹമാണെന്നാണ് അദ്ദേഹം പറഞ്ഞത്. അതിന് മറ്റ് വ്യാഖ്യാനങ്ങൾ നൽകുന്നതാണ് പ്രശ്‌നം. ഓരോന്ന് വരുമ്പോൾ ശങ്കയാണ്. തപസിനെ പറ്റി ഇന്ദ്രൻ ചിന്തിച്ചത് പോലെ. ആര് തപസിരുന്നാലും ഇന്ദ്ര വധത്തിന് വേണ്ടിയാണെന്ന് അദ്ദേഹം സംശയിച്ചിരുന്നുവെന്നാണ് പഴയ കഥ. എന്തെങ്കിലും പറഞ്ഞാൽ തകരാറായി പോയോ എന്ന ബേജാറോടെ ചിന്തിക്കുന്ന അവസ്ഥ വരുന്നു. അതിന്റെ ആവശ്യമില്ല. ഒരു നിലപാട് വ്യക്തമാക്കിയെന്നെയുളളുവെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.