ദുബായില്‍ നിന്ന് കാണാതായ കാസര്‍ഗോഡ് സ്വദേശികള്‍ യമനിലെത്തിയത് മതപഠനത്തിന്; റിപ്പോര്‍ട്ട്

ദുബായില്‍ നിന്ന് കാണാതായ എട്ട് കാസര്‍ഗോഡ് സ്വദേശികള്‍ യമനിലെത്തിയത് മതപഠനത്തിനെന്ന് അനേഷണ ഏജന്‍സികളുടെ നിഗമനം. ഇവര്‍ ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഇത് സ്ഥിരീകരിച്ചിട്ടില്ല.

തൃക്കരിപ്പൂര്‍ സ്വദേശികളായ കുട്ടികള്‍ ഉള്‍പ്പെടുന്ന ആറംഗ കുടുംബവും പടന്ന സ്വദേശികളായ രണ്ട് പേരെയുമാണ് കാണാതായിരുന്നത്. ഇവര്‍ യമനില്‍ എത്തിയിരുന്നതായി കേന്ദ്ര രഹസ്യ അന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. പടന്ന സ്വദേശികളായ മറ്റ് രണ്ടുപേരില്‍ ഒരാള്‍ സൗദി വഴിയും മറ്റൊരാള്‍ ഒമാനില്‍ നിന്നുമാണ് യമനില്‍ പോയത്. പ്രത്യേക അന്വേഷണസംഘം തൃക്കരിപ്പൂരിലെത്തി അന്വേഷണം ആരംഭിച്ചു. പടന്ന, തൃക്കരിപ്പൂര്‍ മേഖലകളില്‍ നിന്ന് 2016-ല്‍ നാല് കുടുംബത്തിലെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 21 പേര്‍ ഐഎസ്എല്‍ ചേര്‍ന്നിരുന്നു. ഇവരില്‍ ഏഴുപേര്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഒമ്പത് പേര്‍ രണ്ടുവര്‍ഷമായി അഫ്ഗാന്‍ സൈന്യത്തിന്റെ തടങ്കലില്‍ ആണ്.

അതേസമയം, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും യമനിലെ ദമ്മാജ് എന്ന നഗരത്തിലെ ദാറുല്‍ ഹദീസില്‍ പഠിക്കാനും ജോലി ചെയ്യാനും വിശ്വാസികള്‍ എത്താറുണ്ട്. രണ്ടു പതിറ്റാണ്ടോളമായി കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ നിന്നും വിശ്വാസികള്‍ ഇവിടെയ്ക്ക് എത്തുന്നുണ്ട്. കലര്‍പ്പില്ലാതെ മത ജീവിതമാണ് ഇവര്‍ ഇവിടെ പ്രതീക്ഷിക്കുന്നത്. ഈ സംഘടനകളില്‍ പല തവണ പിളര്‍പ്പുകള്‍ ഉണ്ടാകുന്നതിനാല്‍ എവിടെയാണ് ഇവരെന്ന് തിരിച്ചറിയാന്‍ സാധിക്കില്ല. എന്നാല്‍, ഐഎസുമായി ബന്ധപ്പെട്ട ആശങ്ക ഉള്ളതിനാല്‍ യമനില്‍ പോകുന്നവരുടെ കുടുംബങ്ങള്‍ ഇതേക്കുറിച്ച് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നു.