വിരുന്നിന് ക്ഷണിക്കാത്തതിൽ പരിഭവമില്ല; ക്ഷണം ലഭിച്ചവർ പോകട്ടെയെന്ന് ഗവർണർ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ക്രിസ്മസ് വിരുന്നിന് ക്ഷണിക്കാത്തതിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിരുന്നിന് ക്ഷണിക്കാത്തതിൽ പരിഭവമില്ലെന്ന് അദ്ദേഹം പറഞ്ഞു. വിരുന്നിന് ക്ഷണം ലഭിച്ചവർ പോകട്ടെയെന്നും ആസ്വദിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകമെങ്ങും മാറ്റം സംഭവിക്കുകയാണ്. മാറ്റത്തെ ഉൾക്കൊള്ളാനാകണം. മാറ്റത്തെ എതിർക്കുന്നതാണ് വേദനാജനകമെന്നും ഗവർണർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ബഫർ സോൺ വിഷയത്തിലും ഗവർണർ പ്രതികരിച്ചു. ബഫർ സോൺ വിഷയത്തിൽ പരാതി ലഭിച്ചിട്ടില്ല. കർഷകർ പരാതി നൽകിയാൽ ബന്ധപ്പെട്ടവർക്ക് കൈമാറും. നയപരമായ കാര്യങ്ങൾ തെരെഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ കാര്യമാണ്. ഇത്തരം കാര്യങ്ങളിൽ ഇടപെടേണ്ടത് സർക്കാരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ന് ഉച്ചക്ക് മസ്‌കറ്റ് ഹോട്ടലിൽ വെച്ചാണ് ക്രിസ്മസ് വിരുന്ന് നടക്കുന്നത്. നേരത്തെ രാജ്ഭവനിൽ ഒരുക്കിയ ക്രിസ്മസ് വിരുന്നിലേക്ക് ഗവർണർ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ചിരുന്നു. എന്നാൽ, വിരുന്നിൽ മന്ത്രിമാരോ മുഖ്യമന്ത്രിയോ സ്പീക്കറോ പങ്കെടുത്തിരുന്നില്ല. എല്ലാവരും ക്ഷണം നിരസിക്കുകയായിരുന്നു. ഡിസംബർ 14 നാണ് രാജ്ഭവനിൽ ഗവർണർ വിരുന്ന് സംഘടിപ്പിച്ചത്.