പ്രധാനമന്ത്രി ആവാസ് യോജന; നഗരങ്ങളിൽ മാത്രം അനുവദിച്ചത് 1 കോടി 20 ലക്ഷം വീടുകളെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നഗരങ്ങളിൽ മാത്രം അനുവദിച്ചത് 1 കോടി 20 ലക്ഷം വീടുകൾ. കേന്ദ്ര സർക്കാരാണ് ഇക്കാര്യം അറിയിച്ചത്. 2,285 വീടുകൾ പദ്ധതി പ്രകാരം ട്രാൻസ്‌ജെൻഡർ വിഭാഗത്തിനായി അനുവദിച്ചുവെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. കേന്ദ്ര നഗരകാര്യ സഹമന്ത്രി കൗശൽ കിഷോർ പാർലമെന്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പദ്ധതി പ്രകാരം വിഭാവനം ചെയ്തിരുന്നത് 1 കോടി 12 ലക്ഷം വീടുകളാണ്. ശുചീകരണ തൊഴിലാളികൾ, പട്ടിക ജാതി/ പട്ടിക വർഗ വിഭാഗങ്ങൾ, മറ്റ് പിന്നോക്ക വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ, ദിവ്യാംഗർ, ട്രാൻസ്‌ജെൻഡർ വിഭാഗം, വിധവകൾ, സ്ത്രീകൾ തുടങ്ങിയവർക്കാണ് പദ്ധതി പ്രകാരം വീടുകൾ നൽകുന്നത്. വിവിധ തദ്ദേശ സ്ഥാപനങ്ങൾ നൽകിയ അപേക്ഷകൾ പരിഗണിച്ചാണ് വീടുകൾ അനുവദിച്ചതെന്ന് കേന്ദ്രമന്ത്രി വിശദീകരിച്ചു.

2015 ജൂൺ 25നാണ് പ്രധാനമന്ത്രി ആവാസ് യോജന അർബൻ പദ്ധതി ആരംഭിച്ചത്. രാജ്യത്തെ എല്ലാ നഗരവാസികൾക്കും സ്വന്തമായി വീട് എന്ന ആശയം മുൻനിർത്തിയാണ് പ്രധാനമന്ത്രി ഈ പദ്ധതി അവതരിപ്പിച്ചത്.