ഷില്ലോംഗ്: ഖത്തർ ലോകകപ്പ് പോലൊന്ന് ഇന്ത്യയിൽ നടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിവർണ്ണ പതാകയ്ക്കായി ജനങ്ങൾ ആർപ്പുവിളിക്കുന്ന ദിവസം വിദൂരമല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. മേഘാലയയിൽ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കായിക മേഖല വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. രാജ്യത്തെ ആദ്യത്തെ ‘നാഷണൽ സ്പോർട്സ് യൂണിവേഴ്സിറ്റി’ തുറക്കും. പ്രധാനപ്പെട്ട 90 സ്‌പോർട്‌സ് പ്രൊജക്ടുകളാണ് മേഖലയിൽ നടപ്പിലാക്കാൻ ഉദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഖത്തറിലാണ് ഇന്ന് ലോകകപ്പ്. നമ്മൾ വിദേശ ടീമുകൾക്കായി ആഹ്ലാദിക്കുന്നു. പക്ഷേ, ഈ രാജ്യത്തെ യുവജനതയിൽ തനിക്ക് വിശ്വാസമുണ്ട്. അത്തരത്തിൽ ആഗോള കായിക മത്സരങ്ങൾക്ക് നമ്മൾ ആതിഥേയത്വം വഹിക്കുന്ന ദിവസം വിദൂരമല്ലെന്ന് താൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. നമ്മുടെ ത്രിവർണ്ണ പതാക ഉയരത്തിൽ പറക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സ്പോർട്സ്മാൻ സ്പിരിറ്റിന് എതിരായി പ്രവർത്തിച്ചാൽ അവരെ ചുവപ്പ് കാർഡ് കാണിച്ച് പുറത്താക്കുന്നത് പോലെ കഴിഞ്ഞ എട്ട് വർഷമായി വടക്കുകിഴക്കൻ മേഖലയുടെ വികസനത്തിൽ തടസമായി വന്നതിനെല്ലാം ചുവപ്പ് കാർഡ് കാണിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

