തലച്ചോറിന്റെ ഓർമശക്തിയെയും ചിന്താശേഷിയെയും ബാധിക്കുന്ന നാഡീവ്യൂഹപരമായ രോഗത്തെയാണ് അൽസ്ഹൈമേഴ്സ് അഥവാ മറവിരോഗം എന്ന് പറയുന്നത്. അൽസ്ഹൈമേഴ്സ് രോഗം പൂർണ്ണമായി തടയാൻ കഴിയില്ലെങ്കിലും ഇതിന്റെ വരവ് വൈകിപ്പിക്കാൻ സാധിക്കും. ഇതിന് സഹായിക്കുന്ന അഞ്ച് കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
അൽസ്ഹൈമേഴ്സ് വരാനുള്ള സാധ്യതകൾ പ്രവചിക്കാൻ പല തരത്തിലുള്ള ആരോഗ്യ പരിശോധനകൾ സഹായിക്കും. ശാരീരിക ക്ഷമതയെ കുറിച്ചുള്ള സൂചനകൾ നൽകാനും ആരോഗ്യ പരിശോധനകൾ നടത്തുന്നത് ഗുണം ചെയ്യും. മദ്യപാനം ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുന്നതും തലച്ചോറിന്റെ ആരോഗ്യത്തിൽ പ്രധാനമാണ്. അതിനാൽ മദ്യപാനികൾ കഴിക്കുന്ന മദ്യത്തിന്റെ അളവ് കുറക്കുകയോ മദ്യപിക്കാതിരിക്കുന്ന ദിവസങ്ങളുടെ ദൈർഘ്യം വർധിപ്പിക്കാൻ ശ്രമിക്കുകയോ വേണം.
പുകവലി എന്നത് അൽസ്ഹൈമേഴ്സ് അപകടസാധ്യത വർധിപ്പിക്കുന്ന മറ്റൊരു ദുശ്ശീലമാണ്. ഈ ശീലം ഉപേക്ഷിക്കുന്നത് അൽസ്ഹൈമേഴ്സിന്റെ അപകടസാധ്യത കുറയ്ക്കും. പച്ചക്കറികൾ, പഴങ്ങൾ, ഹോൾ ഗ്രെയ്നുകൾ, ലീൻ പ്രോട്ടീൻ, കൊഴുപ്പ് കുറഞ്ഞ പാൽ എന്നിവയെല്ലാം അടങ്ങിയ പോഷക സമ്പുഷ്ടമായ ഭക്ഷണം ഉൾപ്പെടുത്തുന്നതും അൽസ്ഹൈമേഴ്സ് പ്രതിരോധിക്കാൻ സഹായിക്കും.

