ലണ്ടനിൽ കൊല്ലപ്പെട്ട മലയാളി നഴ്‌സിന്റെ കുടുംബത്തിന് സഹായവുമായി വി മുരളീധരൻ

covid

തിരുവനന്തപുരം: ലണ്ടനിലെ നോർത്താംപ്ടൺ ഷെയറിൽ കൊല്ലപ്പെട്ട മലയാളി നഴ്‌സ് അഞ്ജുവിന്റെ കുടുംബവുമായി സംസാരിച്ച് വിദേശകാര്യ മന്ത്രി വി മുരളീധരൻ. സംഭവത്തിൽ തുടർനടപടികൾ വേഗത്തിലാക്കാൻ ഇന്ത്യൻ ഹൈക്കമ്മീഷന് അദ്ദേഹം നിർദ്ദേശം നൽകി.

കേന്ദ്ര സർക്കാരിന്റെ എല്ലാപിന്തുണയും അദ്ദേഹം കുടുംബത്തിന് ഉറപ്പു നൽകിയിട്ടുണ്ട്. അഞ്ജുവിന്റെയും, കുട്ടികളുടെയും മരണത്തിൽ കുടുംബത്തിന് ഉണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നതായി അദ്ദേഹം അറിയിച്ചു. അഞ്ജുവിന്റെ കുടുംബവുമായി വി മുരളീധരൻ ഫോണിൽ സംസാരിച്ചാണ് ഇക്കാര്യം ഉറപ്പു നൽകിയത്. ദൗർഭാഗ്യകരമായ സംഭവമാണിതെന്നും കാര്യങ്ങൾ നിരീക്ഷിച്ച് വരുന്നതായും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ബ്രിട്ടണിൽ നഴ്‌സായ വൈക്കം കുലശേഖരമംഗലം സ്വദേശി അഞ്ജു(39) മക്കളായ ജീവ(ആറ്) ജാൻവി(നാല്) എന്നിവരെ കെറ്ററിങ്ങിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അഞ്ജുവിന്റെ ഭർത്താവ് കണ്ണൂർ പടിയൂർ സ്വദേശി സാജു പോലീസ് കസ്റ്റഡിയിലാണ്.