മേൽശാന്തി നിയമനം ആചാരത്തിന്റെ ഭാഗം; ശബരിമല മേൽശാന്തി നിയമനത്തിൽ കോടതി ഇടപെടരുതെന്ന് യോഗക്ഷേമസഭ

കൊച്ചി: ശബരിമല മേൽശാന്തി നിയമനത്തിൽ കോടതി ഇടപെടരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് യോഗക്ഷേമസഭ. മേൽശാന്തി നിയമനം ആചാരത്തിന്റെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടിയാണ് യോഗക്ഷേമസഭ ഹൈക്കോടതിയെ സമീപിച്ചത്. ശബരിമല മേൽശാന്തിയായി മലയാള ബ്രാഹ്മണൻ മാത്രമെന്ന തീരുമാനത്തിനെതിരായ ഹർജിയിലാണ് യോഗക്ഷേമസഭ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ശബരിമല ക്ഷേത്രത്തിലെ ജാതി വ്യവസ്ഥയെ ചോദ്യം ചെയ്തുകൊണ്ട് സിജിത്ത് ടി എൽ, വിജീഷ് പി ആർ, സി വി വിഷ്ണു നാരായണൻ എന്നിവരാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

മുൻപ് കോടതികൾ അംഗീകരിച്ചിട്ടുള്ളതാണ് മലയാള ബ്രാഹ്മണൻ എന്ന നിബന്ധന. ശബരിമല മേൽശാന്തി നിയമനം പൊതു നിയമനമല്ലെന്നും മുൻപ് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. തന്ത്രിയാണ് ഇത്തരം കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കേണ്ടത്. തന്ത്രിയെ കക്ഷി ചേർക്കാത്തതിനാൽ ഈ കേസ് നിലനിൽക്കുന്നതല്ലെന്നും യോഗക്ഷേമസഭ വ്യക്തമാക്കുന്നു. മലയാള സമ്പ്രദായത്തിലാണ് ശബരിമലയിൽ പൂജകൾ നടക്കുന്നത്. അതുകൊണ്ടാണ് മലയാള ബ്രാഹ്മണൻ എന്ന് നിബന്ധന വെയ്ക്കുന്നതെന്നും യോഗക്ഷേമ സഭ ചൂണ്ടിക്കാട്ടി.