തിരുവനന്തപുരം: സംസ്ഥാനത്ത് മാര്‍ച്ച് 31നകം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ബയോമെട്രിക് പഞ്ചിംഗ് നിര്‍ബന്ധമാക്കാനൊരുങ്ങുന്നു. ജീവനക്കാരുടെ ഹാജരും ശമ്പളവുമായി ബന്ധിപ്പിക്കുമെന്ന് ചീഫ് സെക്രട്ടറി വി.പി ജോയ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്തെ എല്ലാ ഓഫീസുകളിലും നടപ്പാക്കണമെന്നാണ് ഉത്തരവ്.
സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പുറമെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, ഗ്രാന്‍ഡ് ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍ എന്നിവയിലും SPARK അധിഷ്ഠിത ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പാക്കും. ബയോമെട്രിക് പഞ്ചിങ് നടപ്പാക്കുമെന്ന് കഴിഞ്ഞ വര്‍ഷങ്ങളിലും സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നെങ്കിലും ജീവനക്കാരുടെ സംഘടനകളുടെ എതിര്‍പ്പ് കാരണം അത് നടപ്പാകാറില്ല. ബയോമെട്രിക് മാര്‍ഗ നിര്‍ദേശങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിനായി വകുപ്പ് മേധാവികള്‍ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും ഉത്തരവില്‍ വ്യക്തമാക്കി.
കളക്ടറേറ്റുകളിലും ഡയറക്ടറേറ്റുകളിലും/വകുപ്പ് മേധാവികളുടെ ഓഫീസുകളിലും 2023 ജനുവരി ഒന്നിന് മുമ്പായി ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പാക്കി ഹാജര്‍ സ്‌കാര്‍ക്കുമായി ബന്ധപ്പെടുത്തേണ്ടതാണ്. വകുപ്പ് സെക്രട്ടറിമാരുമായുളള ചീഫ് സെക്രട്ടറിയുടെ പ്രതിമാസ യോഗത്തില്‍ പഞ്ചിംഗ് നടപ്പാക്കുന്നതിന്റെ പുരോഗതി വിലയിരുത്തണം. ഓരോ വകുപ്പിലെയും ഒരു അഡീഷണല്‍ സെക്രട്ടറിയെയോ ജോയിന്റ് സെക്രട്ടറിയെയോ അതാത് വകുപ്പിന് കീഴിലുള്ള ഓഫീസുകളില്‍ പഞ്ചിംഗ് നടപ്പാക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ നിരീക്ഷിക്കാനും ചുമതലപ്പെടുത്തണം. ഈ ഓഫീസറുടെ വിശദാംശങ്ങള്‍ പൊതുഭരണ വകുപ്പിന് ലഭ്യമാക്കണമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

