ന്യൂയോര്‍ക്ക്: 2023 സാമ്പത്തിക വര്‍ഷത്തില്‍ 64,716 പേര്‍ക്ക് എച്ച്-2ബി വിസ അനുവദിക്കാന്‍ യു.എസ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ‘ 2023 സാമ്പത്തിക വര്‍ഷത്തില്‍ താല്‍ക്കാലിക എച്ച്-2ബി വിസകള്‍ ഏകദേശം 64,716 പേര്‍ക്ക് നല്‍കും. കാര്‍ഷികേതര തൊഴില്‍ വിഭാഗത്തിലുള്ളവര്‍ക്കും വിസ ലഭ്യമാകും’ എന്ന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി വിഭാഗവും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ലേബറും ചേര്‍ന്ന് നടത്തിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
അതേസമയം, സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ 18216 വിസകളാണ് അനുവദിക്കുക. തുടര്‍ന്ന് ഏപ്രില്‍ 1 മുതല്‍ മെയ് 14 വരെയുള്ള പകുതിയില്‍ 16500 വിസ അനുവദിക്കുമെന്നും പിന്നീടുള്ള മാസങ്ങളില്‍ 10000 വിസയ്ക്ക് കൂടി അനുമതി നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ഇന്ത്യക്കാരിലധികവും എച്ച്-2ബി വിസകള്‍ സ്വീകരിക്കാന്‍ തയ്യാറാവാത്തതിനാല്‍ യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് എമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ഈ പുതിയ നയം ഇന്ത്യക്കാര്‍ക്ക് ഗുണകരമാകുന്നതല്ലെന്നാണ് സൂചന. ഭൂരിഭാഗം ഇന്ത്യാക്കാരും വിദഗ്ധ തൊഴില്‍ മേഖലകള്‍ തെരഞ്ഞെടുത്താണ് അമേരിക്കയിലേക്ക് കുടിയേറുന്നത്. സാങ്കേതിക മേഖലകള്‍ ഉള്‍പ്പടെയുള്ളവയില്‍ ജോലി ലഭിച്ച് എത്തുന്ന ഇവരില്‍ പലരും വിദഗ്ധ പരിശീലനവും തൊഴില്‍പരിചയവും ഉള്ളവരായിരിക്കും.
‘എല്ലാ തവണത്തേക്കാളും നേരത്തെയാണ് എച്ച്-2ബി വിസകള്‍ അനുവദിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. യുഎസില്‍ അടുത്ത സാമ്പത്തിക വര്‍ഷം വരാനിരിക്കുന്ന നിരവധി ബിസിനസ്സുകള്‍ക്കും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ തൊഴിലാളികളെ ആവശ്യമായി വരും. എച്ച്-2ബി വിസ നേടി സുരക്ഷിതമായി തന്നെ യുഎസിലേക്ക് വരാവുന്നതാണ്,’ ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി അലെജാന്‍ഡ്രോ എന്‍ മയോര്‍ക്കസ് പറഞ്ഞു.

