തിരുവനന്തപുരം: കേരളത്തിലെ പൊതു വിദ്യാലയങ്ങളിലേക്ക് എത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ഷം തോറും കൂടുമ്പോഴും അതിനനുസരിച്ചു സ്റ്റാഫ് നിര്‍ണയം നടത്താതെ മുന്നോട്ട് പോവുകയാണ് സര്‍ക്കാര്‍. കോവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ 3 വര്‍ഷമായി അധ്യാപക തസ്തിക നിര്‍ണയം നടന്നിട്ടില്ല. ഇത് വൈകുന്നത് അധ്യാപക റാങ്ക് ലിസ്റ്റില്‍ ജോലി കാത്തിരിക്കുന്നവര്‍ക്ക് അവസരം നഷ്ടമാക്കുന്നതിനൊപ്പം സ്കൂളുകളുടെ പ്രവര്‍ത്തനത്തെയും ബാധിക്കുന്നുണ്ട്. പിഎസ്സിയുടെ പല അധ്യാപക റാങ്ക് പട്ടികയുടെയും കാലാവധി ഉടന്‍ അവസാനിക്കും. വിഷയത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.
വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണം
‘ഓരോ അധ്യയന വര്‍ഷവും ആറാമത്തെ പ്രവൃത്തിദിവസമാണ് കുട്ടികളുടെ എണ്ണം എടുക്കുന്നത്. അതിനനുസരിച്ചാണ് അധ്യാപക തസ്തിക നിര്‍ണയവും നിയമനവും. കുട്ടികളുടെ കണക്കെടുപ്പ് പതിവു പോലെ നടക്കുന്നുണ്ട്. കോവിഡ് മൂലം സ്കൂളുകള്‍ അടഞ്ഞുകിടന്ന സാഹചര്യത്തിലാണ് കഴിഞ്ഞ 2 അധ്യയനവര്‍ഷവും സ്റ്റാഫ് നിര്‍ണയം ഒഴിവാക്കിയത്. സ്കൂളുകള്‍ സാധാരണ നിലയിലായ ഇത്തവണ ജൂലൈ 15ന് തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കി ഒക്ടോബര്‍ 1ന് മുന്‍പ് പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. പിന്നീടത് ഓഗസ്റ്റ് 20 ആയും ഒക്ടോബര്‍ 31ആയും ഡിസംബര്‍ 15 ആയും പുതുക്കി നിശ്ചയിച്ചെങ്കിലും നടപടിയായില്ല. പൊതു വിദ്യാലയങ്ങളില്‍ 2017-18 മുതല്‍ കുട്ടികളുടെ എണ്ണം കൂടിവരുന്നുവെന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്. സ്കൂളുകള്‍ അടഞ്ഞു കിടന്ന കഴിഞ്ഞ അധ്യയനവര്‍ഷം സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളിലെ ഒന്നാം ക്ലാസില്‍ 28,482 കുട്ടികള്‍ കൂടിയപ്പോള്‍ ഇത്തവണ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 45,573 കുട്ടികള്‍ കുറഞ്ഞെന്നാണു കണക്ക്. അതേസമയം 2 മുതല്‍ 10 വരെ ക്ലാസുകളില്‍ 1,19,970 കുട്ടികളാണ് ഇത്തവണ കൂടിയത്. ആകെ 38,32,395 കുട്ടികളാണ് പൊതു വിദ്യാലയങ്ങളിലുള്ളത്. പൊതുവിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട മറ്റു പരിപാടികളുടെ തിരക്കു മൂലമാണ് സ്റ്റാഫ് നിര്‍ണയം നീണ്ടുപോയത്. ഇനിയും വൈകാതെ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. 2 ആഴ്ചയ്ക്കകം സ്റ്റാഫ് നിര്‍ണയം പൂര്‍ത്തിയാക്കി വേഗം പിഎസ്സിക്കു റിപ്പോര്‍ട്ട് ചെയ്യും.’

