ന്യൂഡൽഹി: കേരളത്തിലെ വിവാദ വൈസ് ചാൻസലർ നിയമന വിഷയം രാജ്യസഭയിൽ ഉന്നയിച്ച് ബിജെപി എംപി. ഉത്തർപ്രദേശിൽ നിന്നുള്ള ബിജെപി എം.പി രാധാ മോഹൻ അഗർവാളാണ് വിഷയം സഭയിൽ ഉന്നയിച്ചത്. ബിജെപി കേരള ഘടകത്തിന്റെ ചുമതല കൂടി അദ്ദേഹത്തിനുണ്ട്.
നിയമവിരുദ്ധമായി നടന്ന വൈസ് ചാൻസലർ നിയമനം റദ്ദാക്കാൻ യുജിസിയോട് നിർദ്ദേശിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയോട് അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിലെ സാങ്കേതിക സർവകലാശാല വിസി നിയമനം സുപ്രീംകോടതി റദ്ദാക്കിയത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കണ്ണൂർ സർവകലാശാല ഉൾപ്പെടെയുള്ള കേരളത്തിലെ സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനം നടന്നത് നിയമവിരുദ്ധമായിട്ടാണെന്നും ഇക്കാര്യത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഇടപെടണമെന്നും അദ്ദേഹം രാജ്യസഭയിൽ പറഞ്ഞു. കഴിഞ്ഞ ദിവസം അട്ടപ്പാടിയിലെ ശിശുമരണ വിഷയവും രാധാ മോഹൻ അഗർവാൾ രാജ്യസഭയിൽ പറഞ്ഞിരുന്നു.

