തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദത്തില്‍ മന്ത്രിതലത്തില്‍ നടത്തിയ ആദ്യചര്‍ച്ച പരാജയപ്പെട്ടതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ രണ്ടാംഘട്ട ചര്‍ച്ചയുമായി സര്‍ക്കാര്‍. മന്ത്രിമാരായ എം.ബി.രാജേഷ്, വി.ശിവന്‍കുട്ടി എന്നിവരുടെ നേതൃത്വത്തിലായിരിക്കും ഇന്ന് ചര്‍ച്ച.
അതേസമയം, മേയര്‍ ആര്യാ രാജേന്ദ്രന്റെ രാജിയല്ലാതെ മറ്റൊരു അനുനയ നീക്കത്തിനും തയ്യാറല്ലെന്ന് ബി.ജെ.പിയും യു.ഡി.എഫും നിലപാട് സ്വീകരിച്ചതോടെയാണ് ആദ്യ ചര്‍ച്ച പരാജയപ്പെട്ടത്. ഈ സാഹചര്യത്തില്‍ സമരം അവസാനിപ്പിക്കാനുള്ള തന്ത്രങ്ങളുമായാണ് മന്ത്രിമാര്‍ ഇന്ന് ചര്‍ച്ച നടത്തുന്നത്. സമരം ഇനിയും അവസാനിപ്പിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുന്ന സാഹചര്യമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വിഷയം അടിയന്തര പ്രമേയമായി അവതരിപ്പിച്ചിരുന്നു. സമരം ശക്തമാക്കാനുള്ള നീക്കത്തിലാണ് ബി.ജെ.പിയും യു.ഡി.എഫും. മേയറുടെ രാജി ആവശ്യമൊഴികെ ബാക്കിയുള്ള എന്ത് വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയ്യാറാകുമെന്നാണ് സൂചന.
എന്നാല്‍. ആദ്യ ചര്‍ച്ചയിലെ ആവശ്യങ്ങളില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ് പ്രതിപക്ഷം. രണ്ടാംവട്ട ചര്‍ച്ചയില്‍ മേയറുടെ രാജി വേണ്ടെന്നുള്ളതില്‍ സമവായത്തിലെത്താനാണ് സാദ്ധ്യത. ആദ്യഘട്ട ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷസമരം മയപ്പെടുത്തിയത്. ഈ ചര്‍ച്ചയും പരാജയപ്പെട്ടാല്‍ യു.ഡി.എഫും ബി.ജെ.പിയും സമരം ശക്തമാക്കുമെന്നാണ് വിവരം. നിയമനം സുതാര്യമാക്കും, എല്ലാ നിയമനങ്ങളും എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി എന്നീ കാര്യങ്ങളില്‍ ആദ്യ ചര്‍ച്ചയില്‍ തന്നെ ധാരണയായിരുന്നു.

