കൊച്ചി: പ്രാദേശിക സാംസ്‌കാരിക ഘടകങ്ങളെകൂടി മുഖ്യധാരയിൽ എത്തിക്കാനും ലോകവുമായി പങ്കുവയ്ക്കാനും ബിനാലെ പോലുള്ള മേളകൾക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ മാത്രമേ കലാപരമായ മേന്മ വർധിക്കൂവെന്നും വൈവിധ്യങ്ങളെ പരിപോഷിപ്പിക്കുന്ന ബൃഹത്തായ മേളയായി വളരാൻ കൊച്ചി ബിനാലെയ്ക്ക് കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു. കൊച്ചി-മുസിരിസ് ബിനാലെയുടെ അഞ്ചാം പതിപ്പിന്റെ ഉദ്ഘാടനം ഫോർട്ട്കൊച്ചി പരേഡ് ഗ്രൗണ്ടിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ബിനാലെ പോലുള്ള മേളകൾക്ക് ഒരു ചരിത്രം ദൗത്യം നിർവഹിക്കാനുണ്ട്. നിരവധി ഉപസംസ്‌ക്കാരങ്ങളും പ്രാദേശിക സംസ്‌ക്കാരങ്ങളും ഉൾപ്പെട്ടതാണ് നമ്മുടെ നാടിന്റെ സംസ്‌ക്കാരം. അത്തരം സംസ്‌കാരമെന്നത് പൊതുമണ്ഡലത്തിൽ നിന്നു വേറിട്ടു നിൽക്കുന്ന ഒന്നല്ല. ഒരു സമൂഹത്തിൽ സാധാരണമായത് എന്താണോ അതാണ് സംസ്‌കാരം എന്നത്. ഇത്തരം പ്രാദേശിക സാംസ്‌കാരിക ഘടകങ്ങളെകൂടി മുഖ്യധാരയിൽ എത്തിക്കാൻ കഴിയണം. സാംസ്‌കാരിക രംഗത്ത് കാര്യക്ഷമമായി ഇടപെട്ടു സാമൂഹിക പുരോഗതിക്ക് ആക്കം കൂട്ടാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. അന്താരാഷ്ട്ര തലത്തിലേക്ക് അഭിമാനകരമായി വളർന്ന ബിനാലെയുടെ സാംസ്‌കാരിക പ്രാധാന്യം ഉൾക്കൊണ്ടു തന്നെയാണ് ഇത്തവണ മേളയ്ക്കു ധനസഹായമായി ഏഴു കോടി രൂപ നൽകാൻ സംസ്ഥാന സർക്കാർ തയ്യാറായത്. ഇന്ത്യയിലെ ഒരു സാംസ്‌കാരിക പരിപാടിക്കു നൽകുന്ന ഏറ്റവും വലിയ സർക്കാർ ധനസഹായമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിലോമ ശക്തികൾക്കെതിരെ വൈവിധ്യമാർന്ന സാംസ്‌കാരിക പ്രാതിനിധ്യത്തിലൂടെ ചെറുത്തുനിൽപ്പുകൾക്കു കരുത്തു പകരുന്നു എന്നതാണ് കലാപരമായ അംശത്തിനു പുറമെ ബിനാലെയുടെ രാഷ്ട്രീയമാനം. വൈവിധ്യങ്ങളെ തച്ചുടച്ച് ഒരൊറ്റ വംശം, ഒരൊറ്റ ഭാഷ, ഒരൊറ്റ വേഷം എന്നിങ്ങനെ പ്രതിലോമപരമായ ആശയങ്ങൾ നടപ്പാക്കാൻ പല ശക്തികളും ശ്രമിക്കുന്ന കാലമാണിത്. കലാമികവു പ്രകടിപ്പിക്കാൻ എല്ലാവിഭാഗം ജനങ്ങൾക്കും അവസരമൊരുക്കുന്ന ജനാധിപത്യപരമായ സമീപനമാണ് ബിനാലെയ്ക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ, വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, കൊച്ചി മേയർ അഡ്വ എം അനിൽകുമാർ, ഹൈബി ഈഡൻ എംപി, എംഎൽഎമാരായ കെ.ജെ മാക്‌സി, ടി.ജെ വിനോദ്, ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ ഇമ്മാനുവേൽ ലുനോ, മുൻ മന്ത്രി കെ.വി തോമസ്, കോസ്റ്റ്ഗാർഡ് കമാൻഡർ എൻ.രവി, കൊച്ചി ബിനാലെ ഫൗണ്ടേഷൻ ട്രസ്റ്റി കൂടിയായ ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് എം.ഡി അദീബ് അഹമ്മദ്, ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി തുടങ്ങിയവർ പങ്കെടുത്തു.
‘നമ്മുടെ സിരകളിൽ ഒഴുകുന്നത് മഷിയും തീയും’ എന്ന പ്രമേയത്തിൽ 14 വേദികളിലായി 2023 ഏപ്രിൽ 10 വരെ കൊച്ചി- മുസിരിസ് ബിനാലെ നീണ്ടു നിൽക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 90 കലാകാരന്മാരുടെ 200 സൃഷ്ടികൾ പ്രദർശനത്തിനുണ്ടാകും. സ്റ്റുഡന്റ്സ് ബിനാലെയും ആർട്ട് ബൈ ചിൽഡ്രൻ എന്നിവ ബിനാലെ 2022ന്റെ ഭാഗമായുണ്ട്. വിവിധ സാംസ്‌കാരിക പരിപാടികളും നടക്കും.
ഫോർട്ട്കൊച്ചി ആസ്പിൻവാൾ ഹൗസ്, പെപ്പർ ഹൗസ്, ആനന്ദ് വെയർഹൗസ് എന്നീ പ്രധാന വേദികൾക്കു പുറമെ ടി.കെ എം വെയർഹൗസ്, ഡച്ച് വെയർഹൗസ്, കാശി ടൗൺഹൗസ്, ഡേവിഡ് ഹാൾ, കാശി ആർട്ട് കഫെ എന്നിടങ്ങളിലുമാണ് പശ്ചിമകൊച്ചിയിൽ പ്രദർശനം. എറണാകുളം ഡർബാർ ഹാൾ ആർട്ട് ഗാലറിയിൽ കേരളത്തിലെ മികച്ച 34 കലാകാരൻമാരുടെ നൂറ്റമ്പതോളം സൃഷ്ടികൾ പ്രദർശിപ്പിക്കും.

