തിരുവനന്തപുരം: സോളാർ കേസിലെ പ്രതി സരിത എസ് നായരുടെ ശരീരത്തിൽ ഭക്ഷണത്തിലൂടെ രാസവസ്തുക്കൾ എത്തിയിട്ടുണ്ടോ എന്നു കണ്ടെത്താൻ വേണ്ടി ശാസ്ത്രീയ പരിശോധന നടത്താൻ ക്രൈംബ്രാഞ്ച്. കെമിക്കൽ ലാബിൽ ഇതുസംബന്ധിച്ച പരിശോധന നടത്താൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിക്കുന്നതിനായി സരിതയ്ക്കു നോട്ടീസ് നൽകുമെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
മുൻ ഡ്രൈവറായിരുന്ന വിനു കുമാർ ഭക്ഷണത്തിൽ പലതവണയായി രാസവസ്തു ചേർത്ത് തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് സരിത നൽകിയ പരാതി. രാസവസ്തു കഴിച്ചതിനെ തുടർന്ന് തനിക്ക് ഗുരുതരമായ ശാരീരിക പ്രശ്‌നങ്ങൾ ഉണ്ടായെന്നും ഇടതു കണ്ണിന്റെ കാഴ്ചയും ഇടതു കാലിന്റെ സ്വാധീനവും കുറഞ്ഞതായും സരിത പരാതിയിൽ വ്യക്തമാക്കുന്നു.
അതേസമയം, പരിശോധനാഫലം ലഭിച്ചശേഷം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്‌നോളജിയിൽ വീണ്ടും പരിശോധന നടത്താനും ക്രൈംബ്രാഞ്ച് പദ്ധതിയിടുന്നുണ്ട്.

