തിരുവനന്തപുരം: വിഴിഞ്ഞം സംഘർഷവുമായി ബന്ധപ്പെട്ട് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയ്‌ക്കെതിരായി രജിസ്റ്റർ ചെയ്ത പോലീസ് കേസ് പിൻവലിക്കില്ലെന്ന് സംസ്ഥാന സർക്കാർ. ഹൈക്കോടതി വിധി ലംഘിച്ചാണ് സമരം നടത്തിയതെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. അനൂപ് ജേക്കബ് എംഎൽഎയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ക്രമസമാധാന ലംഘനമുണ്ടായ കേസിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്. ആ സാഹചര്യത്തിൽ നിയമാനുസൃതമായാണ് പോലീസ് നടപടിയെടുത്തതെന്നും അദ്ദേഹം അറിയിച്ചു. വിഴിഞ്ഞത്ത് പോലീസ് സ്റ്റേഷൻ ഉൾപ്പെടെ അടിച്ചു തകർത്ത സംഘർഷത്തിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ഗൂഢാലോചന കുറ്റത്തിനാണ് കേസ്. സംഘർഷ സ്ഥലത്ത് ഉണ്ടായിരുന്ന വികാരി ജനറൽ ഫാദർ യൂജിൻ പെരേര അടക്കമുള്ള വൈദികർക്കെതിരെ വധശ്രമത്തിനും പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

