തമിഴ്‌നാട്ടിൽ ഉദയനിധി സ്റ്റാലിൻ മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്ഞ ബുധനാഴ്ച്ച

ചെന്നൈ: തമിഴ്‌നാട്ടിൽ മന്ത്രിസഭാ പുന:സംഘടന. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും ഡിഎംകെ യുവജനവിഭാഗം സെക്രട്ടറിയും നടനുമായ ഉദയനിധി സ്റ്റാലിൻ മന്ത്രിസഭയിലെത്തും. യുവജന ക്ഷേമവും കായിക വകുപ്പും ഉദയനിധി സ്റ്റാലിന് നൽകാനാണ് തീരുമാനമെന്നാണ് വിവരം. ബുധനാഴ്ച്ചയാണ് ഉദയനിധി സ്റ്റാലിൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. കരുണാനിധിയുടെ പഴയ മണ്ഡലമായ ചെപ്പോക്കിൽനിന്നുള്ള എംഎൽഎയാണ് ഉദയനിധി.

2021 മെയ് മാസത്തിലാണ് എം കെ സ്റ്റാലിൻ തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 33 അംഗ മന്ത്രിമാരും അദ്ദേഹത്തോടൊപ്പം ചുമതലയേറ്റെടുത്തിരുന്നു. ഡിഎംകെ നേതാക്കളെ മാത്രം ഉൾപ്പെടുത്തിയായിരുന്നു സ്റ്റാലിൻ സർക്കാർ മന്ത്രിസഭ രൂപീകരിച്ചത്. കലൈജ്ഞറുടെ ഭരണം ആവർത്തിക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു സ്റ്റാലിൻ അധികാരമേറ്റെടുത്തത്.