ലോകം പുരാതന ആയുർവേദ ചികിത്സയിലേക്ക് മടങ്ങുകയാണ്; ആയുർവേദത്തിന്റെ ആഗോള വിപണി വളരുകയാണെന്ന് പ്രധാനമന്ത്രി

പനാജി: ലോക ആയുർവേദ കോൺഗ്രസിന്റെയും (ഡബ്ല്യൂഎസി) ആരോഗ്യ എക്‌സ്‌പോയുടെയും സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകം വിവിധ ചികിത്സാ രീതികൾ പരീക്ഷിച്ച് ഒടുവിൽ പുരാതന ആയുർവേദ ചികിത്സയിലേക്ക് മടങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആയുർവേദ കോൺഗ്രസിൽ 50-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.

ശാരീരിക ആരോഗ്യത്തെക്കുറിച്ച് മാത്രമല്ല. ഒരു മനുഷ്യന് ആരോഗ്യപരമായി ആവശ്യമായ എല്ലാതിനെക്കുറിച്ചും ആയുർവേദം സംസാരിക്കുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പരമ്പരാഗത വൈദ്യശാസ്ത്ര രീതിയായി 30 ലധികം രാജ്യങ്ങൾ ആയുർവേദത്തെ അംഗീകരിച്ചു കഴിഞ്ഞു. ഇക്കാര്യത്തിൽ അത്യധികം സന്തോഷമുണ്ട്. ആയുർവേദ ചികിത്സയുടെ പ്രധാന്യം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കണം. മോഡേൺ സയൻസും ചികിത്സയും തെളിവുകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഡാറ്റാബേസിനെ ആശ്രയിച്ചാണിരിക്കുന്നത്. സമാനമായി ആയുർവേദ മേഖലയിലും അത്തരമൊരു ഡാറ്റാബേസ് സൃഷ്ടിക്കേണ്ടതുണ്ട്. കേന്ദ്ര സർക്കാരിന്റെ ആയുഷ് പോർട്ടലിൽ ഇതിനോടകം 40,000 ഗവേഷണ പഠനങ്ങൾ അപ് ലോഡ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എട്ട് വർഷം കൊണ്ട് ഇന്ത്യയിലെ ആയുർവേദ വ്യവസായം 20,000 കോടി രൂപയിൽ നിന്ന് 1.50 ലക്ഷം കോടി രൂപയായി വളർന്നു. ആയുർവേദത്തിന്റെ ആഗോള വിപണി വളരുകയാണ്. ഇത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.