ഓണ്‍ലൈന്‍ റമ്മി ജീവനെടുക്കുമ്പോള്‍ നിയമഭേദഗതി വൈകുന്നതെന്തിന്?

റമ്മി പോലുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ തടയാന്‍ നിയമഭേദഗതി കൊണ്ടുവരുമെന്ന് കഴിഞ്ഞ ആഗസ്റ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയ്ക്ക് ഉറപ്പ് നല്‍കിയിരുന്നു. ഗെയിം കാരണം പലരും ആത്മഹത്യ ചെയ്ത സാഹചര്യത്തില്‍ ഓണ്‍ലൈന്‍ റമ്മികളി നിരോധിച്ച് 2021 ഫെബ്രുവരിയിലിറക്കിയ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കിയതിനെ മറികടക്കാനാണ് നിയമഭേദഗതി വേണ്ടത്.

കേരള ഗെയിമിംഗ് ആക്ടിലെ സെക്ഷന്‍ 3 ഭേദഗതി ചെയ്ത് ഗെയിമുകള്‍ നിരോധിക്കുകയും ലംഘിച്ചാല്‍ ഒരുവര്‍ഷം തടവിനും 10,000രൂപ പിഴക്ക് ശിക്ഷിക്കുകയും ചെയ്യാം. ഓണ്‍ലൈന്‍ ചൂതാട്ടത്തിനായി പഞ്ചാബ് നാഷണല്‍ ബാങ്കുദ്യോഗസ്ഥന്‍ റിജില്‍ കോഴിക്കോട് കോര്‍പ്പറേഷന്റെ അക്കൗണ്ടില്‍ നിന്ന് 8കോടി തട്ടിയെടുത്തതാണ് സംസ്ഥാനത്ത് ഏറ്റവുമൊടുവിലത്തെ സംഭവം. വഞ്ചിയൂര്‍ ട്രഷറിയില്‍ നിന്ന് മുമ്ബ് 2.7കോടി കൊള്ളയടിച്ച ട്രഷറി അക്കൗണ്ടന്റായ ബിജുലാലും ഇതിന്റെ ഇരയാണ്. 20ലേറെപ്പേരാണ് ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ കടംകയറി ഇതുവരെ ജീവനൊടുക്കിയത്.

അതേസമയം, തമിഴ്‌നാട്ടില്‍ ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം മദ്രാസ് ഹൈക്കോടതി റദ്ദാക്കിയപ്പോള്‍ നിയമഭേദഗതിക്ക് ഓര്‍ഡിനന്‍സിറക്കിയിരുന്നു. കര്‍ണാടക സര്‍ക്കാര്‍ നിരോധനം നടപ്പാക്കാന്‍ സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തു.