ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സുഖ്‌വീന്ദർ സിംഗ്

ന്യൂഡൽഹി: ഹിമാചൽ പ്രദേശിന്റെ പതിനഞ്ചാമത് മുഖ്യമന്ത്രിയായി സുഖ്‌വീന്ദർ സിംഗ് സുഖു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഷിംലയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖർഗെ, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, സച്ചിൻ പൈലറ്റ്, അശോക് ഗെഹ്ലോട്ട്, കെസി വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തു. ഉപ മുഖ്യമന്ത്രിയായി മുകേഷ് അഗ്‌നിഹോത്രിയും സത്യപ്രതിജ്ഞ ചെയ്തു.

മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദമുന്നയിച്ചിരുന്ന പ്രതിഭാ സിംഗിനെ, വീട്ടിലെത്തി കണ്ടതിന് ശേഷമാണ് സുഖ്‌വീന്ദർ സിംഗ് അധികാരമേറ്റെടുത്തത്. സുഖ്‌വീന്ദർ സിംഗ് സുഖുവിനെ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി കോൺഗ്രസ് ഹൈക്കമാന്റാണ് തിരുമാനമെടുത്തത്. പ്രതിഭാ സിംഗിനെ മുഖ്യമന്ത്രിയാക്കണമെന്ന ഒരു വിഭാഗത്തിന്റെ ആവശ്യം തള്ളിയായിരുന്നു ഹൈക്കമാന്റിന്റെ തീരുമാനം. ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രചാരണ സമിതി തലവനായിരുന്നു സുഖ്‌വീന്ദർ സിംഗ് സുഖു.

ഹമിർപുർ ജില്ലയിലെ നദൗൻ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം വിജയിച്ചത്. 3363 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹത്തിന്റെ വിജയം. ഇത് നാലാം തവണയാണ് അദ്ദേഹം നിയമസഭയിലെത്തുന്നത്. ലോവർ ഹിമാചൽ പ്രദേശിൽപെട്ട സിർമൗർ, ഹമിർപുർ, ബിലാസ്പൂർ, സോലൻ തുടങ്ങിയ ജില്ലകളിൽ നിർണായക സ്വാധീനമുള്ള നേതാവ് കൂടിയാണ് അദ്ദേഹം.

പാർട്ടി സംസ്ഥാന അദ്ധ്യക്ഷ പ്രതിഭ സിംഗിനെയും മുകേഷ് അഗ്നിഹോത്രിയെയും പിന്തള്ളിയാണ് രാഹുൽ ഗാന്ധിയുടെ അടുപ്പക്കാരൻ കൂടിയായ സുഖ്‌വീന്ദർ സുഖു മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്.