തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആറ് വാര്‍ഡുകളിലായി ആരും ഏറ്റെടുക്കാനില്ലാത്ത സ്ത്രീകള്‍ ഉള്‍പ്പെടെ 42 രോഗികളുണ്ടെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് പോലും കട്ടില് ലഭ്യമാക്കാന്‍ ആശുപത്രിയധികൃതര്‍ ബുദ്ധിമുട്ടുകയാണ്. രോഗികളുടെ എണ്ണക്കൂടുതല്‍ കാരണം സ്ഥലപരിമിതി നേരിടുന്ന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ നിന്ന് ആരോഗ്യം വീണ്ടെടുത്തവരെ മാറ്റിയാല്‍ മറ്റു രോഗികളെ കിടത്താന്‍ കിടക്ക ലഭ്യമാകും.
സാധാരണയായി ആരോഗ്യം വീണ്ടെടുത്തവരെ തിരികെ ഡിസ്ചാര്‍ജ് ചെയ്ത് വീടുകളിലേക്ക് അയയ്ക്കുകയാണ് പതിവ്. എന്നാല്‍ ഈ 42 പേര്‍ക്കും തിരികെ പോകാന്‍ ഇടമില്ല. രോഗികളില്‍ ചിലരെ ബന്ധുക്കള്‍ കൈയൊഴിഞ്ഞതാണ്. ഭൂരിഭാഗം രോഗികളും പോലീസ്, 108 ആംബുലന്‍സ് വഴി എത്തിയവരാണ്. കൊല്ലം പള്ളിക്കല്‍ സ്വദേശിയായ വേലായുധന് (76) മക്കളുണ്ടായിട്ടും വീട്ടിലേക്ക് പോകാന്‍ താല്പര്യമില്ല. തുടയെല്ല് ഒടിഞ്ഞു ആശുപത്രിയില്‍ കിടക്കുമ്പോള്‍ തിരിഞ്ഞുനോക്കാന്‍ ഒരാള്‍ പോലും വന്നില്ലെന്ന് ഇദ്ദേഹം പരിതപിക്കുന്നു. ഓര്‍ത്തോ വിഭാഗത്തില്‍ മാത്രം 16 പേരാണ് ഇത്തരത്തില്‍ ബന്ധുക്കള്‍ ഉപേക്ഷിച്ച നിലയിലുള്ളത്.
തമിഴ്നാട് സ്വദേശികള്‍ വരെ ഇത്തരം രോഗികളുടെ ലിസ്റ്റിലുണ്ട്.
അതേസമയം, മൈത്രി, ഡി.വൈ.എഫ്.ഐ, സേവാഭാരതി ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകളാണ് ഇവര്‍ക്ക് ഭക്ഷണവും വസ്ത്രവുമടക്കം നല്കി വന്നിരുന്നത്. കൊട്ടാരക്കരയില്‍ നിന്നുള്ള ആശ്രയ എന്ന ചാരിറ്റബിള്‍ സൊസൈറ്റി 16 പേരെ ഏറ്റെടുക്കാമെന്ന് സന്നദ്ധത അറിയിച്ചിട്ടുണ്ട്. മറ്റുള്ളവരെ കൂടി ഏറ്റെടുക്കാന്‍ സന്നദ്ധ സംഘടനകള്‍ തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് ആശുപത്രി അധികൃതര്‍. എത്രകാലം ഇവരെ സംരക്ഷിക്കാമെന്ന കാര്യത്തില്‍ ആശുപത്രി അധികൃതര്‍ക്ക് ഉറപ്പില്ല. ‘ചികിത്സ ഏകദേശം പൂര്‍ണമായും കഴിഞ്ഞ ആളുകള്‍ തന്നെയാണ് ഇവരൊക്കെ. ബാക്കിയുള്ളത് അവരുടെ താമസവും മറ്റ് സൗകര്യങ്ങളുമാണ് ഇപ്പോള്‍ പ്രതിസന്ധിയിലുള്ളത്. ഇനി ഭാവിയിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാമെന്നത് മുന്നില്‍ കണ്ട് നഗരസഭയുമായി ചേര്‍ന്ന് ഒരു പദ്ധതി തയ്യാറാക്കുന്നുണ്ടെന്ന്’- മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് അനില്‍ സുന്ദരം പറഞ്ഞു.

