ന്യൂഡല്‍ഹി: പിടി ഉഷയെ ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍ അദ്ധ്യക്ഷയായി ഔദ്യോഗികമായി തിരഞ്ഞെടുത്തു. സുപ്രീം കോടതി മുന്‍ ജസ്റ്റിസ് എല്‍.നാഗേശ്വര്‍ റാവുവിന്റെ മേല്‍നോട്ടത്തില്‍ ഇന്നു നടന്ന തിരഞ്ഞെടുപ്പിലാണ് ഉഷയെ എതിരില്ലാതെ തിരഞ്ഞെടുത്തത്.
അതേസമയം, ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്റെ തലപ്പത്തെത്തുന്ന ആദ്യ വനിതയും ആദ്യ മലയാളിയുമാണ് ഇവര്‍. നിലവില്‍ രാജ്യസഭാംഗമാണ് 58 കാരിയായ പി.ടി ഉഷ. നേരത്തെ ഏഷ്യന്‍ അത്ലറ്റിക് ഫെഡറേഷന്റെയും ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന്റെയും നിരീക്ഷക പദവിയും അവര്‍ വഹിച്ചിരുന്നു.
95 വര്‍ഷത്തെ ചരിത്രമുള്ള ഐഒഎയില്‍ പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ സജീവ കായികതാരമാണ് പിടി ഉഷ. യാദവീന്ദ്ര സിങ് മഹാരാജാവാണ് മുന്‍പ് കായികലോകത്ത് നിന്നും ഐഒഎ അദ്ധ്യക്ഷനായത്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓട്ടക്കാരിയായാണ് പി.ടി.ഉഷയെ കണക്കാക്കുന്നത്. 1985 ലും 1986 ലും ലോക അത്‌ലറ്റിക്സിലെ മികച്ച പത്തുതാരങ്ങളില്‍ ഒരാള്‍ ഉഷയായിരുന്നു. ഉഷയ്ക്കു മുമ്പും പിന്നീടും ഇന്ത്യയില്‍ നിന്നൊരാളും ഈ ലിസ്റ്റില്‍ ഇടം നേടിയിട്ടില്ല. 1980 ലെ മോസ്‌കോ ഒളിമ്പിക്സിലാണ് ഉഷയുടെ അരങ്ങേറ്റം. 1982 ല്‍ ഡെല്‍ഹിയില്‍ വച്ചു നടന്ന ഏഷ്യാഡില്‍ നൂറുമീറ്റര്‍ ഓട്ടത്തിലും, ഇരുന്നൂറുമീറ്റര്‍ ഓട്ടത്തിലും വെള്ളിമെഡല്‍ കരസ്ഥമാക്കി. 1984 ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്സില്‍ നാനൂറു മീറ്റര്‍ ഹര്‍ഡില്‍സ് ഓട്ടത്തില്‍ സെമിഫൈനലില്‍ ഒന്നാമതായി ഓടിയെത്തിയെങ്കിലും ഫൈനലില്‍ ഫോട്ടോഫിനിഷില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.

