ഏകീകൃത സിവിൽകോഡ് ഏതെങ്കിലും ഒരു മതത്തിന് എതിരല്ല; നിതിൻ ഗഡ്കരി

ന്യൂഡൽഹി: ഏകീകൃത സിവിൽകോഡ് ഏതെങ്കിലും ഒരു മതത്തിന് എതിരല്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഒരാൾക്ക് നാല് ഭാര്യമാരുള്ളത് പ്രകൃതി വിരുദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. വിദ്യാസമ്പന്നരും പുരോഗമനവാദികളും നാല് വിവാഹം കഴിക്കുന്നില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച ചോദ്യത്തിനുള്ള മറുപടി നൽകുകയായിരുന്നു അദ്ദേഹം.

രണ്ട് സിവിൽ കോഡുകളുള്ള ഏതെങ്കിലും മുസ്ലീം രാഷ്ട്രത്തെ നിങ്ങൾക്കറിയാമോയെന്ന് കേന്ദ്രമന്ത്രി ചോദിച്ചു. ഒരു പുരുഷൻ ഒരു സ്ത്രീയെ വിവാഹം കഴിച്ചാൽ അത് സ്വാഭാവികമാണ്.

എന്നാൽ ഒരു പുരുഷൻ നാല് സ്ത്രീകളെ വിവാഹം ചെയ്താൽ അത് പ്രകൃതിവിരുദ്ധമാണ്. ഏകീകൃത സിവിൽ കോഡ് ഏതെങ്കിലും ഒരു മതത്തിന് എതിരല്ല. അത് രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയുള്ളതാണ്. ഏകീകൃത സിവിൽ കോഡിനെ രാഷ്ട്രീയമായി നോക്കിക്കാണരുത്. ഈ നിയമം രാജ്യത്തെ പാവപ്പെട്ടവർക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.