തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയിൽ പങ്കെടുക്കുന്നതിന് തിരുവനന്തപുരത്ത് എത്തുന്ന ഡെലിഗേറ്റുകൾക്ക് യാത്രാ സൗകര്യങ്ങളുമായി കെഎസ്ആർടിസിയും. സിറ്റി സർക്കുലർ സർവീസുകൾ നടത്തുന്ന റൂട്ടുകളിലാണ് ഫിലിം ഫെസ്റ്റിവലിന്റെ പ്രദർശനം നടക്കുന്നത്.
നിശ്ചിത ഇടവേളകളിൽ ഈ റൂട്ടുകളിലെല്ലാം സിറ്റി സർക്കുലർ സർവീസുകൾ ലഭ്യമാണെന്ന് കെഎസ്ആർടിസി അറിയിച്ചു. ഒരു ട്രിപ്പിന് 10 രൂപയാണ് ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്. 12 മണിക്കൂർ പരിധിയില്ലാത്ത യാത്ര നടത്തുന്നതിന് 30 രൂപ മാത്രം ചിലവാകുന്ന ‘ ടുഡേ” ടിക്കറ്റും കെഎസ്ആർടിസി തയ്യാറാക്കിയിട്ടുണ്ട്.
50 രൂപയ്ക്ക് ഗുഡ് ഡേ ടിക്കറ്റുമുണ്ട്. 24 മണിക്കൂർ പരിധിയില്ലാതെ യാത്ര ചെയ്യാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഫെസ്റ്റിവൽ പ്രദർശന സമയമായ രാവിലെ 9 മണി മുതൽ രാത്രി 10 മണി വരെ സിറ്റി സർക്കുലർ സർവീസുകൾ ഡെലിഗേറ്റുകൾക്ക് ലഭ്യമാക്കും. 100 രൂപ വിലയുള്ള കെ.എസ്.ആർ.ടി.സി ട്രാവൽ കാർഡ് എടുക്കുന്ന ഡെലിഗേറ്റുകൾ അതേ മൂല്യമുള്ള യാത്ര സിറ്റി സർക്കുലർ, സിറ്റി ഷട്ടിൽ, സിറ്റി റേഡിയൽ എന്നീ സർവീസുകളിലും നടത്താൻ കഴിയും.
പ്രധാന വേദിയായ ടാഗോർ തീയറ്ററിൽ ഡെലിഗേറ്റുകൾക്കായി ഒരു ഹെൽപ്പ് ഡെസ്‌ക്ക് പ്രവർത്തിക്കും. കെ.എസ്.ആർ.ടി.സി. ട്രാവൽ കാർഡ്. ഗുഡ് ഡേ, ടുഡേ ടിക്കറ്റുകൾ എന്നിവ ഇവിടെ നിന്നും വാങ്ങാം.

