തിരുവനന്തപുരം: പേവിഷ ബാധ വാക്സിൻ ഗുണനിലവാരമുള്ളതാണെന്ന് മന്ത്രി ജെ ചിഞ്ചുറാണി. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 2022 ജനുവരി മുതൽ ഇതുവരെ സംസ്ഥാനത്ത് തെരുവുനായ ആക്രമണത്തിൽ 24 പേർ മരണപ്പെട്ടുവെന്നും മന്ത്രി വ്യക്തമാക്കി. ഇതിൽ ആറ് മരണം പേ വിഷബാധയേറ്റാണെന്ന് ചിഞ്ചുറാണി നിയമസഭയെ അറിയിച്ചു.
തെരുവുനായയുടെ കടിയേറ്റ് 24 പേർ മരിച്ചതിൽ ആറ് പേർ മാത്രമാണ് വാക്സിൻ എടുത്തത്. 8,355 പേർക്ക് സെപ്തംബർ മാസത്തിൽ നായയുടെ കടിയേറ്റിരുന്നു. ഒക്ടോബറിൽ മാസം ഇത് 7,542 ആയി കുറഞ്ഞു. പ്രവർത്തനം ഫലം കാണുന്നതിന്റെ തെളിവാണതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
മലപ്പുറം, ഇടുക്കി പത്തനംതിട്ട ജില്ലകളിൽ എബിസി കേന്ദ്രം തുടങ്ങാൻ കഴിഞ്ഞിട്ടില്ല. പ്രാദേശികമായ എതിർപ്പാണ് പ്രശ്നം. സ്ഥലം കണ്ടെത്തുന്നതിന് എംഎൽഎമാരും സഹായിക്കണം. പേ വിഷബാധ കുത്തിവെപ്പിൽ സംസ്ഥാനത്ത് ഒരു പ്രതിസന്ധിയുമില്ല. തെരുവുനായയുടെ കടിയേറ്റ് 24 പേർ മരിച്ചതിൽ ആറ് പേർ മാത്രമാണ് വാക്സിൻ എടുത്തത്. വാക്സിൻ ഗുണനിലവാരമുള്ളത് ആണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. തെരുവുനായ്ക്കളെ പിടികൂടാനായി 500 ഓളം കാച്ചർമാർക്ക് പരിശീലനം നൽകി വരുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

