സ്വിസ് പടയെ പരാജയപ്പെടുത്തി പറങ്കികള്‍ ക്വാര്‍ട്ടറില്‍

ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് സ്വിസ് പടയെ പരാജയപ്പെടുത്തി പറങ്കികള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താതെയാണ് പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിന് പറങ്കിപ്പട ഇറങ്ങിയത്. എന്നാല്‍ പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിയില്ല. റൊണാള്‍ഡോയ്ക്ക് പകരം കളത്തിലിറക്കിയ ഗോണ്‍സാലോ റൊമോസ് വക ഹാട്രിക്.

മത്സരം തുടങ്ങി 17-ാം മിനുട്ടില്‍ പോര്‍ച്ചുഗലിനായി ആദ്യ ഗോള്‍ റാമോസ് വക. പിന്നീട് മത്സരത്തിലുടനീളം പറങ്കികളുടെ തേരോട്ടമായിരുന്നു. 32-ാം മിനുട്ടിലായിരുന്നു പറങ്കികളുടെ അടുത്ത ഗോള്‍. ഇത്തവണ ലക്ഷ്യം കണ്ടത് പ്രതിരോധ താരം പെപെയും. കോര്‍ണറില്‍ നിന്നെത്തിയ പന്ത് തന്റെ തലവെച്ച് പെപെ സ്വിസ് ഗോള്‍മുഖത്തേയ്ക്ക് തിരിച്ചുവിട്ടു. ആദ്യ പകുതിയില്‍ പറങ്കികള്‍ രണ്ട് ഗോള്‍ ലീഡെടുത്തു. രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമണകാരികളായ പോര്‍ച്ചുഗലിനെയാണ് കണ്ടത്. 51-ാം മിനുട്ടില്‍ റാമോസ് വക മൂന്നാമത്തെ ഗോള്‍. മൂന്നാം ഗോള്‍ കയറി നാല് മിനുട്ട് പിന്നിടുമ്‌ബോള്‍ പറങ്കികള്‍ക്കായി റാഫേല്‍ ഗുരേര വക നാലാമത്തെ ഗോള്‍. ഇത്തവണ പന്ത് എത്തിച്ച് നല്‍കിയത് റാമോസും. പോര്‍ച്ചുഗല്‍ നാല് ഗോളിന് മുന്നില്‍. 58-ാം മിനുട്ടില്‍ സ്വിറ്റ്സര്‍ലന്‍ഡിനായി പ്രതിരോധ താരം മാനുവല്‍ ആശ്വാസ ഗോള്‍ കണ്ടെത്തി.

എന്നാല്‍, 67-ാം മിനുട്ടില്‍ പോര്‍ച്ചുഗല്‍ സ്‌കോര്‍ അഞ്ചിലെത്തിച്ച റാമോസ് ആദ്യ മത്സരത്തില്‍ തന്നെ തന്റെ ഹാട്രിക്കും കണ്ടെത്തി. ജാവോ ഫെലിക്സ് ബോക്സിനുള്ളിലേയ്ക്ക് നീട്ടി നല്‍കിയ പന്ത് വലയിലെത്തിക്കാന്‍ ശ്രമിച്ച റാമോസിന് തെറ്റിയില്ല. സ്വിസ് ഗോളി സോമറെ മറികടന്ന് പന്ത് വലയിലേയ്ക്ക്. 73-ാം മിനുട്ടില്‍ ഫെലിക്സിനെ പിന്‍വലിച്ച് റൊണാള്‍ഡോയെ കളത്തിലിറക്കി. 84-ാം മിനുട്ടില്‍ ഗോള്‍ കണ്ടെത്താനുള്ള താരത്തിന്റെ ശ്രമം ഓഫ്സൈഡില്‍ കലാശിക്കുകയായിരുന്നു. അഞ്ച് ഗോളിന് ശേഷവും പറങ്കികള്‍ നിര്‍ത്തിയില്ല. ഇഞ്ചുറി ടൈമില്‍ റാഫേല്‍ ലിയോ വക ആറാമത്തെ ഗോളോടെ സ്വിസ് പതനം പൂര്‍ണം.