ലക്ഷക്കണക്കിന് ജനങ്ങൾക്ക് അംബേദ്ക്കറിന്റെ പോരാട്ടം പ്രത്യാശ നൽകി; ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടനയുടെ ശിൽപി ഡോ ബി ആർ അംബേദ്കറിന് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലക്ഷക്കണക്കിന് ജനങ്ങൾക്ക് അംബേദ്ക്കറിന്റെ പോരാട്ടം പ്രത്യാശ നൽകിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. അംബേദ്ക്കറിന്റെ ഓർമ്മ ദിനത്തിൽ പാർലമെന്റ് മന്ദിരത്തിൽ പ്രധാനമന്ത്രി പുഷ്പാജ്ഞലി അർപ്പിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമുവും ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും പാർലമെന്റിൽ അംബേദ്ക്കറിന്റെ ചിത്രത്തിന് മുന്നിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു.

ഡോ. ബാബാസാഹേബ് അംബേദ്കറിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു. നമ്മുടെ രാജ്യത്തിന് അദ്ദേഹം നൽകിയ മാതൃകാപരമായ സേവനം അനുസ്മരിക്കുന്നു. അദ്ദേഹത്തിന്റെ പോരാട്ടങ്ങൾ ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രതീക്ഷ നൽകി. ഇന്ത്യയ്ക്ക് ഇത്രയും വിപുലമായ ഒരു ഭരണഘടന നൽകാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെ ഒരിക്കലും മറക്കാനാവില്ലെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

1956 ഡിസംബർ 6നായിരുന്നു ബി ആർ അംബേദ്കർ അന്തരിച്ചത്. അദ്ദേഹത്തോടുള്ള ആദരസൂചകമായി രാജ്യം ഈ ദിവസം മഹാപരിനിർവാണ് ദിനമായി ആചരിക്കുന്നു.