രാജ്യമൊട്ടാകെ മഹിളാ മാർച്ച് നടത്താൻ കോൺഗ്രസ്; യാത്രയ്ക്ക് നേതൃത്വം നൽകാൻ പ്രിയങ്കാ ഗാന്ധി

ന്യൂഡൽഹി: രാജ്യമൊട്ടാകെ മഹിളാ മാർച്ച് നടത്താൻ കോൺഗ്രസ്. എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിലാണ് മഹിളാ മാർച്ച് നടത്തുക. കോൺഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റിയിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. രാഹുൽ ഗാന്ധിയുടെ യാത്ര വലിയ വിജയമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസിന്റെ പുതിയ നീക്കങ്ങൾ.

അറുപത് ദിവസമാകും പ്രിയങ്കയുടെ മഹിളാ മാർച്ച് നീണ്ടുനിൽക്കുക. പ്രിയങ്ക നയിക്കുന്ന മഹിളാ മാർച്ച് എല്ലാ സംസ്ഥാനങ്ങളുടെയും തലസ്ഥാന നഗരികളിലൂടെ സഞ്ചരിക്കും. പ്രിയങ്കയുടെ മഹിളാ മാർച്ച് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും.

അതേസമയം, ഭാരത് ജോഡോ യാത്രയുടെ സന്ദേശം താഴേക്കെത്തിക്കാനും എ ഐ സി സി സ്റ്റിയറിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഇതിനായി ബ്ലോക്ക് തലം മുതൽ ഹാഥ്‌സേ ഹാഥ് ജോഡോ അഭിയാൻ എന്ന പേരിൽ പദയാത്രകൾ സംഘടിപ്പിക്കാനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.