ഹിജാബ് വിരുദ്ധ സമരങ്ങൾ; ഇറാനിൽ മതകാര്യ പോലീസിനെ പിരിച്ചുവിട്ടു

ടെഹ്റാൻ: ഇറാനിൽ മതകാര്യ പോലീസിനെ പിരിച്ചുവിട്ടു. രണ്ടു മാസത്തിലേറെ നീണ്ട ഹിജാബ് വിരുദ്ധ സമരങ്ങൾക്കൊടുവിലാണ് ഇറാൻ ഭരണകൂടം ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ശക്തമായ ഹിജാബ് വിരുദ്ധ സമരങ്ങളെ അടിച്ചമർത്തിയിരുന്ന ഭരണകൂടം ഒടുവിൽ മുട്ടുമടക്കിയെന്നാണ് രാജ്യാന്തര നിരീക്ഷകർ അഭിപ്രായപ്പെട്ടത്. മതകാര്യ പോലീസിന് നീതിന്യായ വ്യവസ്ഥയിൽ സ്ഥാനമില്ലെന്ന് അറ്റോർണി ജനറൽ മുഹമ്മദ് ജാഫർ മൊണ്ടസേരി വ്യക്തമാക്കി. ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത കുർദ് യുവതി മഹ്സ അമിനി മരണപ്പെട്ടതിന് പിന്നാലെയാണ് പ്രക്ഷോഭം ആരംഭിച്ചത്. സെപ്തംബർ 16 നാണ് കുർദ് യുവതി മരണപ്പെട്ടത്.

സ്ത്രീകൾ തല മറയ്ക്കണമെന്ന നിയമം മാറ്റേണ്ടതുണ്ടോ എന്ന വിഷയത്തിൽ പാർലമെന്റും ജുഡീഷ്യറിയും ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് കഴിഞ്ഞ ദിവസം അറ്റോർണി ജനറൽ പറഞ്ഞിരുന്നു. 1979ൽ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ സ്ഥാപിച്ചതിന് പിന്നാലെയാണ് രാജ്യത്ത് ഹിജാബ് ധരിക്കുന്നത് നിർബന്ധമാക്കിയത്.

മതകാര്യ പൊലീസ് സ്ഥാപിതമായത് മഹ്മൂദ് അഹമ്മദിനജാദ് ഇറാൻ പ്രസിഡന്റായിരുന്ന സമയത്താണ്. 2006ൽ യൂണിറ്റുകൾ പട്രോളിങ് ആരംഭിക്കുകയും ചെയ്തു.