ചണ്ഡീഗഢ്: പഞ്ചാബില്‍ ഡ്രോണ്‍ ഉപയോഗിച്ച് കടത്താന്‍ ശ്രമിച്ച മൂന്ന് കിലോ ഹെറോയിന്‍ പൊലീസും ബിഎസ്എഫും ചേര്‍ന്ന് പിടിച്ചെടുത്തു. പഞ്ചാബ് തരന് തരണ്‍ ജില്ലയിലെ ഇന്ത്യ-പാകിസ്ഥാന് അതിര്‍ത്തിയിലാണ് സംഭവം. ഇക്കാര്യം സംസ്ഥാന പൊലീസ് സ്ഥിരീകരിച്ചു. പഞ്ചാബ് പൊലീസിന്റെയും അതിര്‍ത്തി രക്ഷാസേന (ബിഎസ്എഫ്)യുടെയും സംയുക്ത ഓപ്പറേഷനിലാണ് ഹെറോയിന്‍ വേട്ട വിജയകരമായി പൂര്‍ത്തിയായതെന്ന് ഡിജിപി ഗൗരവ് യാദവ് ട്വീറ്റ് ചെയ്തു.
അതേസമയം, കഴിഞ്ഞ തിങ്കളാഴ്ച രാത്രി ബിഎസ്എഫ് പഞ്ചാബ് അതിര്‍ത്തിയില്‍ മയക്കുമരുന്നുമായി പറന്ന ഡ്രോണുകള്‍ ബിഎസ്എഫ് വനിതാ കോണ്‍സ്റ്റബിള്‍മാര്‍ വെടിവെച്ച് വീഴ്ത്തിയിരുന്നു. പ്രീതി, ഭാഗ്യശ്രീ എന്നീ വനിതാ കോണ്‍സ്റ്റബിള്‍മാരാണ് ഡ്രോണ്‍ വെടിവെച്ച് ബിഎസ്എഫിന്റെ അഭിമാനമായതെന്ന് പഞ്ചാബ് ഫ്രോണ്ടിയര്‍ ബിഎസ്എഫ് ഇന്‍സ്പെക്ടര്‍ ജനറല്‍ ആസിഫ് ജലാല്‍ പറഞ്ഞു. ഇവരെ ബിഎസ്എഫ് ഡിഐജി ആദരിച്ചു. പാരിതോഷികമായി പണവും നല്കി.
ഒറ്റ രാത്രിയില്‍ രണ്ട് പാകിസ്ഥാന് ഡ്രോണുകളാണ് ബിഎസ്എഫ് വെടിവെച്ച് വീഴ്ത്തിയത്. 6.5 കിലോഗ്രാം ഹെറോയിനാണ് ഏഴടി നീളവും 19 കിലോഗ്രാം ഭാരവുമുള്ള ഡ്രോണില്‍ നിന്ന് കണ്ടെത്തിയത്. പ്രദേശത്ത് നടത്തിയ തിരച്ചിലില്‍ മൂന്ന് കിലോ ഹെറോയിന്‍ ബിഎസ്എഫ് കണ്ടെടുത്തത്. പാകിസ്ഥാന് റേഞ്ചേഴ്സിന്റെ തൈമൂര്‍ ഷഹീദ് പോസ്റ്റിന്റെ പ്രദേശത്ത് നിന്നാണ് പാകിസ്ഥാന് ഡ്രോണ്‍ പറന്നുയര്‍ന്നത്.

