കോട്ടയം: പാലാ കാഞ്ഞിരപ്പള്ളി ബിഷപ്പുമാരുമായുള്ള കൂടിക്കാഴ്ച്ച സബന്ധിച്ച് വിശദീകരണവുമായി കോൺഗ്രസ് എം പി ശശി തരൂർ. ഈ കൂടിക്കാഴ്ച്ചയ്ക്ക് രാഷ്ട്രീയ മാനങ്ങളില്ലെന്ന് ശശി തരൂർ വ്യക്തമാക്കി. ചില സാമൂഹിക പ്രശ്നങ്ങളാണ് അവരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
ഒരു രാഷ്ട്രീയക്കാരനെന്ന നിലയിൽ തനിക്ക് ചില ഉത്തരവാദിത്വങ്ങളുണ്ട്. അതിന്റെ ഭാഗമായാണ് പാലാ കാഞ്ഞിരപ്പിള്ളി ബിഷപ്പുമാരുമായി കൂടിക്കാഴ്ച്ച നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, യൂത്ത് കോൺഗ്രസ് ക്ഷണിച്ച പരിപാടിയിൽ പങ്കെടുക്കുന്നതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. യൂത്ത് കോൺഗ്രസിന്റെ പരിപാടിയിൽ പങ്കെടുക്കുന്നത് എങ്ങനെയാണ് സംഘടനാ വിരുദ്ധ പ്രവർത്തനമാകുന്നതെന്നാണ് അദ്ദേഹം ചോദിക്കുന്നത്. താൻ കോട്ടയത്ത് വന്നത് യൂത്ത് കോൺഗ്രസിന് പ്രോത്സാഹനം കൊടുക്കാനാണ്. തന്റെ ഭാഗത്തു നിന്ന് അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ട്. അറിയിച്ചിട്ടില്ലെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞത് എന്താണെന്ന് കണ്ടെത്തണമെന്ന് തരൂർ ആവശ്യപ്പെട്ടു.
തന്റെ മനസ് തുറന്ന പുസ്തകമാണ്. തനിക്ക് ഒന്നും ഒളിക്കാനില്ല. യൂത്ത് കോൺഗ്രസാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചത്. നിരവധി പ്രസംഗങ്ങൾ താൻ നടത്തിയിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത പ്രശ്നങ്ങളാണ് ഈ രണ്ട് മാസത്തിനിടയിൽ നടന്നതെന്നും അദ്ദേഹം അറിയിച്ചു. താൻ സംഘടനാ ചട്ടക്കൂട് മറികടന്ന് പ്രവർത്തിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

