വിഴിഞ്ഞത്ത് കേന്ദ്രസേന? ക്ഷണിക്കില്ല, വന്നാല്‍ എതിര്‍ക്കുകയുമില്ല

തിരുവനന്തപുരം: സംഘര്‍ഷഭരിതമായ വിഴിഞ്ഞത്ത് കേന്ദ്രസേനയുടെ സുരക്ഷ വേണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടില്ലെന്ന് സൂചന. എന്നാല്‍, അദാനി ഗ്രൂപ്പിന്റെ ആവശ്യമനുസരിച്ച് കേന്ദ്രസേനയെത്തിയാല്‍ എതിര്‍ക്കാനും വഴിയില്ല.

അതേസമയം, വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുത്ത് അറിയിക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശം. ചര്‍ച്ചയ്ക്ക് സംസ്ഥാന സര്‍ക്കാരാണ് മുന്‍കൈയെടുക്കേണ്ടതെങ്കിലും അത് ആവശ്യമില്ലെന്ന നിലപാടാണ് എല്‍.ഡി.എഫ് നേതാക്കള്‍ക്കുള്ളത്. കോടതിയോ, കേന്ദ്രസര്‍ക്കാരോ ഇക്കാര്യത്തിലെടുക്കുന്ന തീരുമാനത്തെ അംഗീകരിക്കാമെന്നാണ് നിലവിലെ തീരുമാനം.

സംസ്ഥാനം ആവശ്യപ്പെട്ടതിന്റെ പേരില്‍ കേന്ദ്രസേനയെത്തുകയും കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്താല്‍ സംസ്ഥാനസര്‍ക്കാര്‍ വെട്ടിലാവും. കേന്ദ്രസേനയെ രംഗത്തിറക്കി സര്‍ക്കാര്‍ സമരക്കാരെ അടിച്ചമര്‍ത്താന്‍ ഒരുങ്ങുന്നുവെന്ന പ്രചാരണം വിഴിഞ്ഞത്ത് നിലവില്‍ ശക്തമാണ്. തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍ തുടങ്ങിയവയുടെ സുരക്ഷാചുമതല കേന്ദ്ര വ്യവസായ സുരക്ഷാസേനയ്ക്കാണ്. നിര്‍മാണഘട്ടത്തില്‍ സുരക്ഷ കേന്ദ്രസേന ഏറ്റെടുക്കാറില്ല. എന്നാല്‍, ഏതുഘട്ടത്തിലും സംസ്ഥാനത്തിന് കേന്ദ്രസേനയുടെ സഹായം തേടാം. ഈ ഘട്ടത്തില്‍ സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലായിരിക്കും കേന്ദ്രസേനയുടെ പ്രവര്‍ത്തനം.