പഞ്ചാബ് നാഷണല്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് റിജില്‍ 15 കോടി രൂപ വെട്ടിപ്പ് നടത്തിയത് സീനിയര്‍ മാനേജറുടെ ഐഡി ഹാക്ക് ചെയ്ത്‌

കോഴിക്കോട് കോര്‍പറേഷന്റെ പഞ്ചാബ് നാഷണല്‍ ബാങ്ക് ലിങ്ക് റോഡ് ശാഖയിലെ അക്കൗണ്ടില്‍ നിന്ന് 15 കോടി രൂപ വെട്ടിപ്പ് നടത്തിയത് മാനേജറായിരുന്ന റിജില്‍ സീനിയര്‍ മാനേജറുടെ ഐഡി ഹാക്ക് ചെയ്‌തെന്ന് അന്വേഷണസംഘം കണ്ടെത്തി. സംഭവശേഷം ഒളിവില്‍ പോയ റിജിലിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ കോടതി തിങ്കളാഴ്ച്ച പരിഗണിക്കും.

അതേസമയം, 18 ലക്ഷം കാണാനില്ലെന്ന് കാണിച്ച് ബാങ്കിനെതിരെ സ്വകാര്യ വ്യക്തിയും രംഗത്ത് വന്നിട്ടുണ്ട്. 2021 മുതലാണ് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ലിങ്ക് റോഡ് ശാഖയില്‍ നിന്ന് മാനേജറായിരുന്ന റിജില്‍ കോടികള്‍ വെട്ടിപ്പ് നടത്തിയത്. ലിങ്ക് റോഡ് ശാഖ, പിഎന്‍ബി എരഞ്ഞിപ്പാലം ശാഖ എന്നിവിടങ്ങളിലെ ഐഡിയില്‍ നിന്നാണ് പണം പിന്‍വലിച്ചത്. ബള്‍ക്ക് ഇടപാടുകള്‍ നടത്തുമ്പോള്‍ സീനിയര്‍ മനേജറുടെ അംഗീകാരം വേണ്ടതിനാല്‍ സീനിയര്‍ മാനേജറുടെ ഡിസ്‌ക്രിപ്ഷന്‍ ഐഡി എഡിറ്റ് ചെയ്താണ് തട്ടിപ്പ്.

റിജിലിന്റെ കമ്പ്യൂട്ടറും ലാപ് ടോപ്പും പരിശോധിച്ചപ്പോള്‍ ഓണ്‍ലൈന്‍ റമ്മിയുടെയും മറ്റ് ഓണ്‍ലൈന്‍ ചൂതാട്ടങ്ങളുടെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. അതിനാല്‍, ഓണ്‍ലൈന്‍ ചൂതാട്ടത്തിന് വേണ്ടിയാണ് റിജില്‍ കോടികള്‍ വെട്ടിച്ചതെന്നാണ് പൊലീസ് പറയുന്നത്.