വിഴിഞ്ഞം: മലങ്കര, ലത്തീന്‍ സഭാധ്യക്ഷന്മാരുമായി ചീഫ് സെക്രട്ടറി ചര്‍ച്ച നടത്തി

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തോടനുബന്ധിച്ച് മലങ്കര, ലത്തീന്‍ സഭാധ്യക്ഷന്മാരുമായി ചീഫ് സെക്രട്ടറി ചര്‍ച്ച നടത്തി. ക്ലിമ്മീസ് കാതോലിക്കാ ബാവയും ഡോ. തോമസ് ജെ നെറ്റോയുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. സര്‍ക്കാരുമായും സമരസമിതിയുമായും അദാനി ഗ്രൂപ്പുമായും സംസാരിക്കുമെന്ന് ഗാന്ധി സ്മാരക നിധി ചെയര്‍മാന്‍ എന്‍. രാധാകൃഷ്ണന്‍ പ്രതികരിച്ചു. വിഴിഞ്ഞം സമരം ചര്‍ച്ച ചെയ്യാന്‍ ജസ്റ്റിസ് ഹരിഹരന്‍ നായര്‍, ജോര്‍ജ് ഓണക്കൂര്‍, ടി.പി ശ്രീനിവാസന്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി കോര്‍ കമ്മിറ്റി ഉണ്ടാക്കിയിട്ടുണ്ട്.

അതേസമയം, വിഴിഞ്ഞം പദ്ധതിക്ക് കേന്ദ്രസേനയെ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടത് സര്‍ക്കാരല്ലെന്നും അദാനി കമ്പനിയാണെന്നും സര്‍ക്കാര്‍ പറഞ്ഞു. എത്ര എതിര്‍പ്പുണ്ടായാലും വിഴിഞ്ഞ പദ്ധതിയുമായി മുന്നോട്ടുപോകണമെന്നാണ് മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും നിലപാട്. പദ്ധതിക്കെതിരെ പ്രാദേശികമായും സഭാ തലത്തിലും വരും നാളുകളില്‍ പ്രതിഷേധം കടുക്കാനും സാധ്യതയുള്ളതിനാലാണ് കേന്ദ്രസേനയെ ഇറക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇത് അദാനി കമ്പനി ഹൈക്കോടതിയില്‍ ഉന്നയിച്ചതിനാല്‍ സര്‍ക്കാരിന് തലയൂരാം.

അതിനിടെ സര്‍ക്കാരും ലത്തീന്‍ സഭയുമായുളള ബന്ധം വഷളായതോടെ കൊച്ചിയിലെ ലൂര്‍ദ് ആശുപത്രിയിലെ ചടങ്ങില്‍ മന്ത്രി ആന്റണി രാജു പങ്കെടുത്തില്ല.