വാഷിംഗ്ടൺ: 2022 ലെ പത്മഭൂഷൺ പുരസ്കാരം സ്വീകരിച്ച് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. സാൻ ഫ്രാൻസിസ്കോയിൽ, യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിങ് സന്ധുവിൽ നിന്നാണ് പിച്ചൈ പുരസ്കാരം ഏറ്റുവാങ്ങിയത്. ഇന്ത്യ തന്റെയൊരു ഭാഗം തന്നെയാണെന്നും താൻ എവിടെപ്പോയാലും അത് ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ വലിയ ബഹുമതിക്ക് ഞാൻ ഇന്ത്യയിലെ സർക്കാരിനോടും ജനങ്ങളോടും വളരെയേറെ കൃതജ്ഞത അറിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
തന്നെ രൂപപ്പെടുത്തിയ രാജ്യത്തിന്റെ ഈ ആദരം അദ്ഭുതകരമാംവണ്ണം അർഥപൂർണമാണ്. അറിവിനും പഠനത്തിനും പ്രോത്സാഹനം നൽകുന്ന ഒരു കുടുംബത്തിൽ, തന്റെ താൽപര്യങ്ങൾക്ക് അനുയോജ്യമായ അവസരങ്ങൾ തനിക്കു ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ പലതും ത്യജിച്ച മാതാപിതാക്കൾക്കൊപ്പം വളരാൻ തനിക്കു ഭാഗ്യമുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

