ന്യൂഡൽഹി: ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചനയിൽ പ്രതികളായ മുൻ പൊലീസ് ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി. ഐബി മുൻ ഡെപ്യൂട്ടി ഡയറക്ടർ ആർബി ശ്രീകുമാർ, മുൻ ഡിജിപി സിബി മാത്യൂസ്, എസ് വിജയൻ, തമ്പി എസ് ദുർഗാദത്ത്, പി എസ് ജയപ്രകാശ് എന്നിവരുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിബിഐ നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നടപടി. പ്രതികളുടെ അപേക്ഷ ഹൈക്കോടതി വീണ്ടും പരിഗണിക്കണമെന്നാണ് സുപ്രീം കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. എം ആർ ഷാ അദ്ധ്യക്ഷനായ ബെഞ്ചാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചതിന് ശേഷം നാലാഴ്ചയ്ക്കകം തീർപ്പുണ്ടാക്കണമെന്ന് കോടതി നിർദ്ദേശം നൽകി. ഇതിൽ തീർപ്പാകുന്നതുവരെ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യരുതെന്നും കോടതി ഉത്തരവിട്ടു. ചില വസ്തുതകൾ കണക്കിലെടുക്കുന്നതിൽ ഹൈക്കോടതിക്ക് വീഴ്ച പറ്റിയെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ഡി കെ ജയിൻ സമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സി ബി ഐ അന്വേഷണം നടത്തിയതെന്ന വസ്തുത ഹൈക്കോടതി കണക്കിലെടുക്കാത്തത് പിഴവാണെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.
ഓരോ പ്രതിക്കും എതിരായ കേസുകളുടെ വസ്തുതകളും ഗൂഢാലോചനയ്ക്ക് പിന്നിൽ വിദേശ ശക്തികൾക്ക് പങ്കുണ്ടെന്ന സി ബി ഐയുടെ ആരോപണവും ഹൈക്കോടതി കണക്കിലെടുത്തില്ലെന്ന വിമർശനവും കോടതി ഉന്നയിച്ചിട്ടുണ്ട്. അഡിഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജവാണ് സിബിഐയ്ക്ക് വേണ്ടി കോടതിയിൽ ഹാജരായത്. നമ്പി നാരായണനും മറ്റ് ശാസ്ത്രജ്ഞർക്കും എതിരെ ചാരക്കേസ് രജിസ്റ്റർ ചെയ്തതിന് പിന്നിൽ വിദേശ ശക്തികളുടെ പങ്കിനെ കുറിച്ച് അന്വേഷിക്കേണ്ടതുണ്ടെന്നാണ് അദ്ദേഹം കോടതിയിൽ വ്യക്തമാക്കിയത്.

