ശത്രുരാജ്യത്തിന്റെ ഡ്രോണുകളെ പ്രതിരോധിക്കാൻ പരുന്തുകൾക്ക് പരിശീലനം; ശ്രദ്ധേയമായി അർജുന്റെ പ്രകടനം

ഡെറാഡൂൺ: വ്യത്യസ്തമായ യുദ്ധ പരിശീലന രീതി പ്രദർശിപ്പിച്ച് ഇന്ത്യൻ സൈന്യം. ശത്രുരാജ്യത്തിന്റെ ഡ്രോണുകളെ പ്രതിരോധിക്കാൻ പരിശീലനം നൽകിയ പരുന്തുകളെ ഉപയോഗിക്കുന്ന രീതിയാണ് ഇന്ത്യൻ സൈന്യം പ്രദർശിപ്പിച്ചത്. ഉത്തരാഖണ്ഡിലെ ഔളിൽ നടക്കുന്ന ഇന്ത്യാ – അമേരിക്ക സംയുക്ത സൈനിക പരീശീലന പരിപാടിയ്ക്കിടെയാണ് ഇന്ത്യൻ സൈന്യം ഈ രീതി പ്രദർശിപ്പിച്ചത്. ശത്രുരാജ്യത്തിന്റെ ഡ്രോണുകളെ വേട്ടയാടാനും നശിപ്പിക്കാനും പരിശീലനം ലഭിച്ച അർജുൻ എന്ന പരുന്തിന്റെ പ്രകടനമായിരുന്നു ഇതിൽ ശ്രദ്ധേയം.

പരുന്ത് പോലെയുള്ള പക്ഷികൾക്കും നായകൾക്കും ശത്രുരാജ്യങ്ങളുടെ ഡ്രോണുകൾ പിടിച്ചെടുത്ത് നശിപ്പിക്കാൻ ഇന്ത്യൻ സൈന്യം പരിശീലനം നൽകിയിരുന്നു. അഭ്യാസ പ്രകടനത്തിനായി അത്തരം ഒരു സാഹചര്യം കൃത്രിമമായി ഒരുക്കി നൽകിയാണ് പ്രദർശനം നടന്നത്. തുടർന്ന് പരിശീലനം നേടിയ പരുന്ത് ഡ്രോൺ ഘടിപ്പിച്ചിരിക്കുന്ന സ്ഥലം ലക്ഷ്യമാക്കി നീങ്ങി. ഈ സാഹചര്യത്തിൽ ഡ്രോണിന്റെ ശബ്ദം ശ്രവിച്ച നായ സൈനികർക്ക് അപകട മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിൽ ശത്രുരാജ്യത്തിന്റെ ഡ്രോൺ കണ്ടെത്തി അതിന് ചുറ്റും വട്ടമിട്ട് പറക്കുകയായിരുന്നു പരുന്ത്. പരിശീലനം ലഭിച്ച നായകളെ വിവിധ മിഷനുകൾക്കായി ഉപയോഗിക്കുന്നുണ്ട്. അതോടൊപ്പമാണ് ഡ്രോണുകളെ കണ്ടെത്തി നശിപ്പിക്കാൻ പരുന്തുകളെയും ഉപയോഗിക്കാൻ തുടങ്ങിയതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.

പഞ്ചാബിലെയും കശ്മീരിലെയും സുരക്ഷാ സേന ഈ മാർഗ്ഗം ഉപയോഗിക്കുന്നത് വളരെ നല്ലതാണെന്നും. അതിലൂടെ അതിർത്ത് കടന്നുവരുന്ന ഡ്രോണുകളെ വേഗത്തിൽ കണ്ടെത്താനും പ്രതിരോധ നടപടികൾ സ്വീകരിക്കാനും കഴിയുമെന്നും സൈന്യം വ്യക്തമാക്കുന്നു.