കൊച്ചി: ലൈംഗിക പീഡനക്കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന സർക്കാരിന്റെയും പരാതിക്കാരിയുടെയും ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് വിധി പ്രസ്താവം നടത്തിയത്. മുൻകൂർ ജാമ്യം ഹർജികൾ പരിഗണിച്ച ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഹർജികളും തള്ളുന്നതായി ഒറ്റവാക്കിൽ പ്രസ്താവിക്കുകയായിരുന്നു.
മൂന്നു ദിവസം നീണ്ട വിശദമായ വാദം കേൾക്കലിന് ശേഷമാണ് കോടതിയുടെ നടപടി. തിരുവനന്തപുരം അഡി. സെഷൻസ് കോടതിയാണ് എൽദോസ് കുന്നപ്പിള്ളിക്ക് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചത്. പീഡനം നടന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്നും ഈ സാഹചര്യത്തിൽ ജാമ്യം നൽകിയത് ശരിയായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാരും പരാതിക്കാരും ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം, എൽദോസ് കുന്നപ്പിള്ളി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും സർക്കാർ വാദിച്ചിരുന്നു. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുമ്പോൾ തിരുവനന്തപുരം അഡി. സെഷൻസ് കോടതിയിൽ നിന്നുള്ള കേസിന്റെ എല്ലാ രേഖകളും വിളിച്ചു വരുത്തി കോടതി പരിശോധിച്ചിരുന്നു. സെപ്തംബർ 28നാണ് എൽദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്ന് കാട്ടി പേട്ട നിവാസിയായ യുവതി പരാതി നൽകിയത്. മദ്യപിച്ചു വീട്ടിലെത്തി തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും പിന്നീട് കാറിൽ ബലമായി കയറ്റി കോവളത്തേക്കു പോകുമ്പോൾ വീണ്ടും ഉപദ്രവിച്ചെന്നും യുവതി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു.

